സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ പേട്ട നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തില്‍ അണിയറപ്രവര്‍ത്തകര്‍. 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനായ കാലി എന്ന കഥാപാത്രമായാണ് സ്‌റ്റൈല്‍ മന്നല്‍ ചിത്രത്തില്‍ എത്തുന്നത്. 

അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തെ പിന്തള്ളിയാണ് പേട്ട ഈ നേട്ടം കൈവരിച്ചത്. ആദ്യത്തെ രണ്ടു ദിവസം കൊണ്ടു തന്നെ ചിത്രം 35.50 കോടി സ്വന്തമാക്കിയിരുന്നു. മികച്ച മൗത്ത് പബ്‌ളിസിറ്റിയും പേട്ടയ്ക്കു ലഭിച്ചിട്ടുണ്ട്. 

സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.