മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. ടേക്ക് ഓഫ് എന്ന ഒറ്റ സിനിമയിലൂടെ നിരവധി പുരസ്‌കാരങ്ങളായിരുന്നു പാര്‍വ്വതിയ്ക്ക് ലഭിച്ചത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉയരങ്ങളിലേക്ക് എത്താന്‍ പാര്‍വ്വതിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമാ മേഖലയിലുള്ള ചില പ്രശ്‌നങ്ങള്‍ പാര്‍വ്വതിയുടെ കരിയറിന് വലിയ ദോഷമായിരുന്നു ഉണ്ടാക്കിയത്. ഇതോടെ പാര്‍വ്വതിയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പാര്‍വ്വതി വീണ്ടും സിനിമയില്‍ സജീവമാവുകയാണെന്നാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് പാര്‍വ്വതി നായികയാവുന്നത്.  അടുത്ത മാസം ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഐന, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ, സഖാവ് എന്നിങ്ങനെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് സിദ്ധാര്‍ത്ഥ് ശിവ.

ഇപ്പോള്‍ ഉയരെ എന്ന സിനിമയാണ് പാര്‍വ്വതിയുടേതായി വരാനിരിക്കുന്നത്. ടൊവിനോ തോമസ്, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഉയരെ മാത്രമല്ല ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസ് എന്ന ചിത്രത്തിലും പാര്‍വ്വതി അഭിനയിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വൈറസിന്റെ ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്.