ആലപ്പുഴ: കുപ്പി വെള്ള വിപണിയുടെ നിയന്ത്രണം ഏറ്റെടിക്കാന്‍ സര്‍ക്കാറിന്റെ കുപ്പി വെള്ള ബ്രാന്റുകള്‍. ഇതിന്റെ ഭാഗമായി ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി മുതല്‍ വിപണിയിലെത്തിക്കുവാന്‍ ഊര്‍ജ്ജിത ശ്രമം. തിരുവന്തപുരം അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.യന്ത്രങ്ങളെല്ലാം സജ്ജമായി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിന് കാത്തിരിക്കുകയാണ് ജല അതോറിറ്റി.16 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഈ മാസം അവസാനം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയിലാണ് ശുദ്ധമായ കുപ്പിവെള്ളം ജല അതോറിറ്റി പുറത്തിറക്കുന്നത്.  പേര് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുത്തിട്ടില്ല. തൊടുപുഴയില്‍ ഹില്ലി അക്വ എന്ന പേരില്‍ ജലസേചന വകുപ്പിന് കുപ്പിവെള്ള പ്ലാന്റുണ്ട്്.വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഹില്ലി അക്വയുടെ നിര്‍മ്മാണ രീതിയില്‍ തന്നെയാണ് ജല അതോറിറ്റിയുടെ പ്ലാന്റും രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. അരലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍ ബോട്ടിലുകളാണ് ജല അതോറിറ്റി പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്. പ്രതിദിനം 7,200 ലിറ്റര്‍ കുപ്പിവെള്ളം ഉദ്പാദിക്കുവാനാണ് ലക്ഷ്യമിടുന്നത്. റിവേഴ്‌സ് ഓസ്‌മോസിസ്, ഡീ ക്ലോറിനേഷന്‍ തുടങ്ങിയ അത്യധുനിക സജ്ജീകരണങ്ങളോടെയാണ് വെള്ളം ശുദ്ധീകരിക്കുക.ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും 2 ലിറ്ററിന് 20 രൂപയുമാണ് വില.ജല അതോറിറ്റിയുടെയും ജയില്‍ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും ഔട്ടലെറ്റുകളില്‍ 15 രൂപയുടെ കുപ്പി വെള്ളം 10 രൂപയ്ക്ക് നല്‍കാനാണ് ആലോചന.വേനല്‍ കടുത്തു തുടങ്ങുന്ന ഫെബ്രുവരി അവസാനത്തോടെ ജലസേചന വകുപ്പും ജലഅതോറിറ്റിയും കൈകോര്‍ത്ത് സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയില്‍ സജീവ സാന്നിധ്യമുറപ്പിക്കും.