ഹോണോലുലു: ഹവായിലെ ഹോണോലുലുവില്‍ അമ്മയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രി‍ഡ്‌ജില്‍ സൂക്ഷിച്ച കേസില്‍ മകന് 30 വര്‍ഷം കോടതി തടവ്ശിക്ഷ വിധിച്ചു. ഹവായിയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണ് സംഭവം. തുടര്‍ന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവെയ്‌യെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അമ്മ എവിടെയെന്ന് പൊലീസ് ചോദിച്ചിരുന്നു. അമ്മ ഫ്രിഡ്‌ജിലുണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി.

സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലിയുവിനെ കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വച്ചിരുന്നത്.  തന്നെ സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യു വെയ് മൊഴി നല്‍കിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്. ഹവായിയിലെ ഒരു സ്‌പായില്‍ ജോലി ചെയ്യുകയായിരുന്നു ലിയു യുന്‍. ദിവസങ്ങളായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് കടയുടമ യുവെയ്‌യെ വിളിച്ചു വിവരം ആരാഞ്ഞിരുന്നു. എന്നാല്‍, ലിയു സമീപ ദ്വീപിലേക്കു പോയിരിക്കുകയാണെന്നും മാസങ്ങള്‍ക്കു ശേഷമെ തിരിച്ചുവരികയുള്ളൂവെന്നായിരുന്നു യുവെയ് അവര്‍ക്ക് നല്‍കിയ മറുപടി.