തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം മെഗാതാരം മമ്മൂട്ടി നിര്‍വ്വഹിക്കും. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഫെബ്രുവരി 12 നാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്ന് വൈകിട്ട് 6.30ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നത്. ഫെബ്രുവരി 20 നാണ് പൊങ്കാല.  പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരു മെഗാ സ്റ്റാര്‍ എത്തുന്നത് ഇതാദ്യമാണ്. മതസൗഹാര്‍ദത്തിന്റെ ക്ഷേത്രമായാണ് ആറ്റുകാല്‍ അറിയപ്പെടുന്നത്. ഇത് പുതിയ തലത്തിലെത്തിക്കാകയാണ് മമ്മൂട്ടിയെ എത്തിക്കുന്നതിലൂടെ ക്ഷേത്രം ഭാരവാഹികള്‍ ഉദ്ദേശിക്കുന്നത്.