ഗുണമേന്മ നഷ്ടപ്പെടാതെ, 10X വരെ സൂം ചെയ്യാവുന്ന സ്മാര്‍ട് ഫോണ്‍ ക്യാമറ പരിചയപ്പെടുത്തി ടെക് ലോകത്ത് ജിജ്ഞാസ പടര്‍ത്തിയിരിക്കുകയാണ് ചൈനീസ് നിര്‍മാതാവായ ഒപ്പോ. ഇതല്‍പ്പം സാങ്കേതികമല്ലാതെ പറഞ്ഞാല്‍, ഐഫോണുകളില്‍ ഇന്നേവരെ കണ്ടിരിക്കുന്ന ടെലി ലെന്‍സിന് 56mm ആണ് റീച്ച്‌. ഒപ്പോയുടെ സാങ്കേതിക വിദ്യയുമായി ഫോണ്‍ പുറത്തിറങ്ങിയാല്‍ അതിന് ഏകദേശം 160mm വരെ റീച് കിട്ടും. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16-160mm സൂം ഒരു സ്മാര്‍ട് ഫോണില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഒപ്പൊയുടെ അവകാശവാദം.

സ്മാര്‍ട് ഫോണ്‍ സ്‌ക്രീനുകളുടെ ഉള്ളില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍ സാധാരണമാകുകയാണ് ഇപ്പോള്‍.  എന്നാല്‍ ഇവയ്ക്ക് താരതമ്യേന വേഗം കുറവാണ്. തങ്ങളുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്‌ക്രീനിലുള്ളില്‍ പിടിപ്പിക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറുകളുടെ കാര്യപ്രാപ്തി 15 തവണ വര്‍ധിപ്പിക്കാനാകുമെന്നും വേണ്ടവര്‍ക്ക് രണ്ടു വിരലടയാളങ്ങള്‍ ഒരേ സമയം പരിശോധിക്കാവുന്ന തരത്തിലാണ് ഈ സാങ്കേതികവിദ്യ കൊണ്ടുവരുന്നതെന്ന് അവര്‍ പറയുന്നു.