#cpcawards2018

സോഷ്യൽ മീഡിയയിലെ ക്രിയാത്മക സിനിമാ ചർച്ചാ വേദിയായ സിനിമ പാരഡൈസോ ക്ലബ്‌ 2018 ലെ മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. 12 കാറ്റഗറികളിലായാണ് അവാർഡുകൾ നൽകുന്നത്.
ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ഫെബ്രുവരി 17 ഞായറാഴ്ച്ച ( 17.02.2019 – 9AM) കലൂർ (കൊച്ചി ) I.M.A ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നൽകുന്നതായിരിക്കും എന്ന് അഡ്മിൻസ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.


(നിർമ്മാണം : സമീർ താഹിർ& ഷൈജു ഖാലിദ് )

പോളിങ്ങിൽ ഈ.മ.യൗവിനെ വൻ ഭൂരിപക്ഷത്തിൽ കടത്തിവെട്ടിയും, ജൂറി വോട്ടിങ്ങിൽ ഈ.മ.യൗവിനോട് ഇഞ്ചോടിഞ്ച് പൊരുതിയുമാണ് സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമയ്ക്കുള്ള സിപിസി അവാർഡ് സ്വന്തമാക്കിയത്.

ഈ.മ.യൗവിന് തൊട്ട് പിന്നിലായി ജോസഫും പ്രേക്ഷകാഭിപ്രായത്തിൽ ആദ്യ മൂന്നിലെത്തിയപ്പോൾ, കമ്മാരസംഭവവും, ഞാൻ പ്രകാശനും ആദ്യഅഞ്ചിൽ സ്ഥാനമുറപ്പിച്ചു.

മലയാളികൾ അറിഞ്ഞിട്ടുള്ള നന്മ കഥപറച്ചിലുകളുടെ റിയലിസ്റ്റിക്കും, നവീനവുമായ കഥാഖ്യാനവും,കഥാപാത്രങ്ങളുടെ ദേശവൽകൃതമായൊരു ആവ്ഷ്കാരവും സുഡാനി സാധ്യമാക്കുന്നുണ്ടെന്നതും, സാര്‍വത്രികമായ പ്രമേയത്തെ അവതരിപ്പിച്ചുകൊണ്ട് ഒരേസമയം ലോക്കലും ഇന്റർനാഷണലുമാവുന്ന സിനിമ എന്ന് സുഡാനിയെ ജൂറി പ്രകീർത്തിച്ചപ്പോൾ,ഈ.മ.യൗ. പല ലെയറുകളിൽ വായിച്ചെടുക്കാവുന്ന സിനിമയാണെന്നും, പ്രത്യക്ഷത്തിൽ മരണത്തെയും വ്യക്തി ബന്ധത്തെയും ദേശത്തെയും ആചാരങ്ങളെയും കാണിക്കുന്നതിനൊപ്പം, മരണത്തെ എത്ര പൊള്ളയായും, ബഹളത്തോടെയുമാണ് സമൂഹം കൈകാര്യം ചെയ്യുന്നതെന്നും, മതം പോലുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ മരണമെന്ന അവസ്ഥയെ എത്ര സങ്കീർണമാക്കുന്നു എന്നും വളരെ കൺവിൻസിങ്ങായി അവതരിപ്പിക്കാൻ ഈ.മ.യൗവിന് സാധിച്ചു എന്ന് ജൂറി അഭിപ്രായപ്പെട്ടു.

അതിരുകൾക്കതീതമായ സാഹോദര്യം, നന്മ എന്നൊരു വലിയ ആശയം സർവ്വസമ്മതമായ രീതിയിൽ പറയുന്ന സുഡാനി, മെലോഡ്രാമയെ ടോൺ ഡൌൺ ചെയ്ത് ഇമോഷണൽ മുഹൂർത്തങ്ങളാൽ സമ്പന്നമാക്കുന്നതിനൊപ്പം, നമ്മുടെ ശീലങ്ങളെ കൂടുതൽ സാന്ദ്രവും നിഷ്കളങ്കവുമാക്കുന്നുണ്ടെന്നും ജൂറിയിൽ അഭിപ്രായമുണ്ടായി. പ്രകൃതിയെയും മരണത്തെയും ചേർത്തുനിർത്തി കഥപറയുക, ദേശം/ സംസ്കാരം തുടങ്ങിയവ കൃത്യമായി അടയാളപ്പെടുത്തുക, സമയം തുടർച്ചയായി നിലനിർത്തുക, കാർമേഘം നിറഞ്ഞു പേമാരിയായി അവസാനം മഴ തോരുന്നതിനൊപ്പം പ്രധാന കഥാപാത്രത്തിന്റെ ആന്തരിക സംഘർഷത്തെ അടയാളപ്പെടുത്തുക, ഇരുട്ടിനെ ആവരണം ചെയ്യക, നൂതനമായ രീതിയിൽ ശബ്ദത്തെയും ദൃശ്യങ്ങളെയും ഉപയോഗിച്ച് കഥ പറയുക, പരീക്ഷണാത്മക ചിത്രമായിരുന്നിട്ട് കൂടി എല്ലാ ഘടകങ്ങളെയും യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതെ പ്രേക്ഷകരിലേക്ക് തീവ്രതയോടെ എത്തിച്ചു ആസ്വദിപ്പിക്കുക തുടങ്ങിയ ഒരുപാട് പൊളിച്ചെഴുതുകൾ സിനിമാപരിസരത്തു ഈ.മ.യൗ. ഡെയറിങ് ആയി നടത്തുന്നുണ്ടെന്നുകൂടി ജൂറി പ്രകീർത്തിച്ചു.

തിരക്കഥയുടെ കെട്ട് മുറുക്കിയും അയഞ്ഞും പോകുന്നൊരു ചിത്രമാണ് ജോസഫെന്ന് അഭിപ്രായമുണ്ടായപ്പോൾ,സിനിമ പോകുന്ന അപരിചിതമായ വഴികളിലൂടെയും, ആഴമേറിയ സംഘർഷങ്ങളിലൂടെയും ചിത്രത്തെ വിശ്വാസ്യയോഗ്യമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ത്തന്നെ കുറ്റാന്വേഷണത്തിൽ ഒതുക്കാതെ ഇമോഷണൽ ആയി സിനിമയെ നിലനിർത്തുന്നുണ്ടെന്ന് ജൂറി അഭിനന്ദിച്ചു, എന്നാൽ അത് പല സ്ഥലങ്ങളിലും വെർബൽ ആയി ചുരുങ്ങിയിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേർത്തു.

മറ്റ് വിഭാഗങ്ങളിലൊക്കെ ശക്തമായ സാന്നിധ്യമായ, ലളിതമായ കഥാഖ്യാനം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ, ഷൈജു ഖാലിദും, സമീർ താഹിറും ചേർന്നു നിർമ്മിച്ച സുഡാനി ഫ്രം നൈജീരിയക്കാണ് ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള സിപിസി പുരസ്കാരം..

ഓഡിയന്‍സ് പോളിലും ജൂറി വിലയിരുത്തലിലും ഒരുപോലെ മുന്നില്‍വന്ന ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ. മ. യൗവിലൂടെ CPC CINE AWARDS 2018 ലെ മികച്ച സംവിധായകന്‍. മരണമെന്ന, അങ്ങേയറ്റം യൂണിവേഴ്സലായ ഒരു കണ്‍സപ്റ്റിനെ ഓരോ ഫ്രെയിമിലും തന്റെ കയ്യൊപ്പ് പതിയുന്ന രീതിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങള്‍ മുതല്‍ മരണവുമായി ബന്ധപ്പെട്ട ബിംബങ്ങളുടെ കൃത്യമായ പ്ലേസ്മെന്‍റ് വരെ ലിജോ തന്റെ ആഖ്യാനത്തിനുള്ള ടൂള്‍ ആക്കുന്നുണ്ട്. . വ്യത്യസ്ത ശൈലിയിലുള്ള സിനിമകള്‍ ഒരുക്കുമ്പോഴും, തന്റെ auteur ശൈലിക്ക് വിഘ്‌നം വരാതെ പരിചരിക്കുന്ന ലിജോ, രണ്ടുവരിയില്‍ പറയാവുന്ന ഒരു പ്ലോട്ട് സിനിമയാക്കുക എന്ന വെല്ലുവിളിയെ കൃത്യമായ സീന്‍ ഡിവിഷനുകളിലൂടെയും ക്യാമറ ചലനങ്ങളിലൂടെയും കഥക്കും പശ്ചാത്തലത്തിനും അങ്ങേയറ്റം അനുയോജ്യമായ ശബ്ദസംവിധാനം തിരഞ്ഞെടുത്തും സമകാലിക സംവിധായകരെക്കാള്‍ ഒരുപടി മുന്നില്‍ തന്റെ ക്രാഫ്റ്റിനെ പ്രതിഷ്ഠിക്കുന്നുണ്ട്. മൂന്നാഴ്ച കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കിയ സിനിമയാണ് എന്നതുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ സംവിധായകന് തന്റെ മീഡിയത്തിന് മേലുള്ള command വ്യക്തമാക്കുന്ന വര്‍ക്ക് ആണ് ലിജോയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു..

വടക്കൻ കേരളത്തിലെ ചെറിയൊരു പ്രദേശത്തിന്റെ വൈകാരികതകളിലൂടെയാണ് കടന്നുപോവുന്നതെങ്കിലും, അതിനൊരു അന്തർദേശീയ മാനം കൊണ്ടുവരാൻ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ സക്കറിയയ്ക്കു സാധിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ജൂറി, യഥാര്‍ത്ഥജീവിതത്തില്‍ പരിചിതമായ, എന്നാൽ സ്‌ക്രീനിൽ ഇതുവരെ പ്രമേയമാകാത്ത, അല്ലെങ്കിൽ ആരും തുനിയാത്ത കഥാപരിസരത്തെ, നൈസർഗ്ഗികമായ സ്റ്റോറി ടെല്ലിങ്ങും, സ്പോട്ട് ഓണ്‍ റിയലിസ്റ്റിക്ക് സംഭാഷണങ്ങളെ സിനിമാറ്റിക്ക് സീൻ ഡിവിഷനുകളിലൂടെ അവതരിപ്പിച്ചും, നറേറ്റിവിൽ ഉടനീളം തീമിന്റെ തന്മയത്വവും നിഷ്കളങ്കതയും ചോർന്നുപോകാതെ നോക്കുന്നുണ്ട്. ഏകമാനകങ്ങളായ നന്മ കഥാപാത്രങ്ങളുടെ ധാരാളിത്തം ചെറിയ പോരായ്മ ആയി വിലയിരുത്തപ്പെടാമെന്നിരുന്നാലും ഒരേ സമയം ഫീൽ ഗുഡ് ആവുമ്പോള്‍ത്തന്നെ, പ്ലോട്ടിന്റെ സ്കോപ്പ് വെച്ച് ലോകത്ത് എവിടെയും പ്ലെയ്സ് ചെയ്യാവുന്നതും റിലേറ്റ് ചെയ്യാവുന്നതുമായ സിനിമയാക്കിയിട്ടുണ്ട് സക്കറിയ സുഡാനിയെ.

നറേറ്റീവിലും, ടൈംലൈൻ സെറ്റിങ്ങിലും പാടേ പാളിയെങ്കിലും, ഭാവിയിൽ ഒരു ലാർജെർ ക്യാൻവാസ്, പ്രിയദർശൻ സ്‌കൂൾ മേക്കിങ്ങിൽ വന്ന പ്രതീക്ഷയുടെ നാമ്പ് ആണ് രതീഷ് അമ്പാട്ടെന്ന് നിരീക്ഷിച്ച ജൂറി, സറ്റയർ, പിരീഡ് ഡ്രാമ ജോണർ മിക്സ് ഒക്കെ കല്ലുകടിയായെങ്കിലും പ്രീ ഹിസ്റ്റോറിക്ക് recreation, അതിന്റെ എക്സിക്യൂഷൻ ഒക്കെ കമ്മാരസംഭവത്തിന് പോസിറ്റീവ് ഏലമെന്റ്‌സ് ആയിഭവിച്ചു എന്നകാര്യം എടുത്ത് പറയുകയുണ്ടായി.

ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയെ വൈകാരികമായി അനുഭവവേദ്യമായ ചലച്ചിത്രമാക്കിമാറ്റിയതില്‍ ജോസഫ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ പത്മകുമാര്‍ പുലര്‍ത്തിയ മികവിനെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

ഓഡിയൻസ് പോളിൽ രണ്ടാം സ്ഥാനത്തെത്തിയ സക്കറിയയെക്കാൾ ഏകദേശം ഇരട്ടി വോട്ടുകളാണ് ഒന്നാം സ്ഥാനത്തെത്തിയ ലിജോ നേടിയത്. ഈ വർഷത്തെ സിപിസി സിനി അവാർഡ്സിലെ എല്ലാ കാറ്റഗറികൾ കണക്കിലെടുക്കുമ്പോഴും മികച്ച സംവിധായകനായി ലിജോ നേടിയ ഭൂരിപക്ഷം മറ്റൊരു കാറ്റഗറിയിലും ഒന്നാം സ്ഥാനക്കാരന് ലഭിച്ചിട്ടില്ല എന്നതും ഒരു സംവിധായകൻ എന്ന നിലയിൽ ലിജോ നേടിയ ജനപ്രീതി എടുത്തുകാട്ടുന്നതാണ്.

മരണത്തയെയും ജീവിതത്തെയും മറ്റൊരു തലത്തിൽ കാണാൻ പ്രേരിപ്പിച്ച, മലയാള സിനിമയിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധം കഥാഖ്യാനം നടത്തിയ ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് തുടർച്ചയായി രണ്ടാം വർഷവും മികച്ച സംവിധായകനുള്ള സിപിസി പുരസ്കാരം. 

സിപിസി സിനി അവാർഡ്സിൽ ഈ വർഷം ഏറ്റവും ശക്തമായ മത്സരം നടന്ന മികച്ച നടൻ വിഭാഗത്തിൽ, ഓഡിയൻസ് പോളിലും, ജൂറി വിലയിരുത്തലിലും ഈ മ യൗവിലെ ചെമ്പൻ വിനോദ് ജോസിനെയും, സുഡാനിയിലെ സൗബിൻ ഷാഹിറിനെയും മറികടന്നാണ് ജോസഫിലൂടെ ജോജു ജോർജ്ജ് വിജയിയായിരിക്കുന്നത്.
ജോസഫ് എന്ന ചിത്രത്തിൻറെ നറേറ്റിവ് തന്നെ വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ് , പ്രധാന കഥാപാത്രത്തിന്റേതായ ഗ്രാഫ് വളരുന്നതിന്റെ മുറക്ക് ജോജുവിന്റെ പ്രകടനത്തിലും അതിനോട് ചേർന്ന് നിൽക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. സിനിമ തന്നെ ഒരു പോലീസുകാരന്റെ ബയോപിക് സ്വഭാവം പേറുന്നുണ്ട്. ഇന്നത്തെ വ്യക്തിജീവിതത്തിലെ നിസ്സംഗതയും, ഭൂതകാലത്തിലെ ജീവിത ദുരന്തങ്ങളും, കർമ്മമണ്ഡലത്തിലെ ബുദ്ധികൂർമ്മതയും ഒരു പോലെ പ്രതിഫലിക്കേണ്ടുന്ന ഭാവവും ശരീരഭാഷയും ജോർജു ഉടനീളം സസ്‌റ്റൈൻ ചെയ്യുന്നുണ്ട്. പ്രണയത്തെയും, വിവാഹ ജീവിതത്തെയും സ്വീകരിക്കുമ്പോഴുണ്ടാവുന്ന സന്തോഷം, പിന്നീട് അവയുടെ തകർച്ചയെയും, മരണങ്ങളെയും അഭിമുഖീകരിക്കുന്ന സിനിമയിലെ ഡീപ് ആയ സന്ദർഭങ്ങൾ, അപ്പോഴൊക്കെ ജോജുവിന്റെ ആന്തരികസംഘര്‍ഷങ്ങൾ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.

ഒരു പോലീസുകാരൻ മനുഷ്യനെയും, മനുഷ്യ ശരീരത്തെയും വേറിട്ട് നോക്കിക്കാണേണ്ടുന്ന തിരക്കഥയിലെ പല ചലഞ്ചിങ് ആയ സീനുകളിലും ജോജു സൂക്ഷ്മമായ രീതിയിലാണ് പ്രകടനം കൈകാര്യം ചെയ്തിട്ടുള്ളത്. ശരീരത്തെയും കഥാപാത്രത്തെയും കഥയെയും പ്രകടനത്തിലൂടെ അങ്ങേയറ്റം വിശ്വസനീയമാക്കാൻ ജോജുവിന്റെ ഈ സർപ്രൈസ് റോളിനാൽ കഴിഞ്ഞിട്ടുണ്ട്. 
അതി സൂക്ഷ്മമായ ഒബ്സർവേഷനുകളുടെ ബലത്തിൽ ജോജു മെനഞ്ഞെടുത്ത ജോസഫ് എന്ന കഥാപാത്രത്തിന് മുൻ ഉദാഹരങ്ങൾ ഏറെ ഉണ്ടെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമാക്കി നിർത്താൻ ജോജു പ്രത്യേകം ശ്രദ്ധിച്ചു എന്നതും വിലയിരുത്തപ്പെട്ടു. മെമ്പർ വോട്ടിങ്ങിൽ മറ്റുള്ളവരെ വളരെ എളുപ്പത്തിൽ പിന്നിലാക്കാനും ജോജുവിന്‌ കഴിഞ്ഞതും ആ കഥാപാത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയും , നടനെന്ന രീതിയിലെ പുതിയ പരീക്ഷണത്തെ അവർ ഉൾക്കൊണ്ടതിന്റെയും തെളിവാണ്.

ചെമ്പന്റെ ഈശി എന്ന കഥാപാത്രത്തിന്റെ വികാര തലങ്ങളിലൂടെ ഉള്ള സഞ്ചാരം അത്ഭുതകരമായിരുന്നു. അത്യധികം ക്രാഫ്റ്റിയായ സിനിമയുടെ സ്വാഭാവികമായ വളർച്ചയിലെ ഭാഗമായി മാറുകയായിരുന്നു ചെമ്പന്റെ പ്രകടനം.
ശക്തമായ കഥാപാത്രത്തിന്റെ ലാഞ്ചനകളിലേക്കു വളരെ പതുക്കെ മാത്രം എത്തുകയെന്ന സ്ക്രിപ്റ്റ് ആവശ്യപ്പെട്ട രീതി പിൻപറ്റിയതു ചെമ്പന് കഥയോട് നീതി പുലർത്താൻ വഴി വെച്ചുങ്കിലും , കഥാപാത്രനിര്‍മിതിയില്‍ ജോസഫിലെ ടൈറ്റില്‍ കഥാപാത്രത്തിന് ലഭിച്ച സാധ്യതകള്‍ ജോജുവിന് വ്യക്തമായ മുൻതൂക്കം നല്കി

പ്രിത്വിരാജിന്റെ കൂടെയിലെ കഥാപാത്രത്തിന്റെ വോട്ടിംഗ് പ്രകാരമുള്ള ഫൈനൽ ഷോർട്ട് ലിസ്റ്റിലേക്കുള്ള പ്രവേശനം തന്നെ സ്ഥിരം മാനറിസങ്ങളിൽ നിന്ന് അദേഹം വിട്ടു നിന്നതിന്റെ ഫ്രഷ്‌നെസ്സ് കാണികൾക്കു ഫീൽ ചെയ്തു എന്നത് കൊണ്ടാണ്. സെക്ഷ്വൽ അബ്യുസിന്റെ ഇരയായ നായകൻ മലയാളത്തിൽ വിരളമെന്നിരിക്കെ, ആ ട്രൊമയിൽ ഊന്നിയ അംഗവിക്ഷേപങ്ങളും ശരീരഭാഷയും പിന്നെ പ്ലോട്ടിൽ അന്തര്‍ലീനമായ സാഹോദര്യവും ഏച്ചുകെട്ടൽ തോന്നാത്ത രീതിയിൽ പൃഥ്വിരാജിന്റെ ജോഷ്വ പെരുമാറി. നസ്രിയയുമായുള്ള ലൈറ്റർ മൂഡ് ഉള്ള സീനുകളിൽ പോലും വളരെ കൺട്രോൾഡ് ആയ പ്രകടനം കാഴ്ചവെച്ചതും ശ്രദ്ധേയമായിരുന്നു എന്നും ജൂറി അഭിപ്രായപ്പെട്ടു.

രണ്ടു ചിത്രങ്ങളിലെ മിന്നുന്ന പ്രകടനവുമായി ജയസൂര്യയും, മൂന്ന് വ്യത്യസ്ത ജോണർ ചിത്രങ്ങളുമായി മത്സരിച്ച ഫഹദ് ഫാസിലും ആ സിനിമകളിൽ അവരവരുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ എക്സിക്യൂട് ചെയ്‌തെങ്കിലും, ഓഡിയൻസ് പോളിൽ ഏറെ മുന്നിട്ട് നിന്ന ജോജുവിന് മുന്നിൽ അത്ര തീവ്രമായ വെല്ലുവിളികൾ ഉയർത്താൻ സാധിച്ചില്ല.

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സഹനടനായും, ഇപ്പോൾ ഒരു സിനിമ തന്നെ സ്വന്തം തോളിൽ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള നായക നടനായും മാറിയിരിക്കുന്നു ജോജു ജോർജ്ജ്. പ്രണയം ,വിരഹം , ഏകാന്തത എന്നിങ്ങനെ വിവിധ ഡയമന്‍ഷനുകളിലേക്ക് വളരുന്ന ഒരു കഥാപാത്രസൃഷ്ടിയെയാണ് ജോസഫിൽ കണ്ടത്, കഥയില്‍ ഈ തലങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനവുമുണ്ടായിരുന്നു . ജോജുവിലെ നടന്‍ ഈ തലങ്ങളെ ഓരോന്നിനെയും അങ്ങേയറ്റം സ്വഭാവികതയോടെ , കൈയ്യടക്കത്തോടെ അവതരിപ്പിക്കുകയും അതേ സമയം വളരെ സിനിമാറ്റിക് എന്നുവിളിക്കാന്‍ കഴിക്കാന്‍ കഴിയുന്ന ഒരു കഥാഗതിയുടെ നേടുംതൂണാവുകയും ചെയ്തു.

ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്തു വിധി എഴുതുമ്പോൾ, CPC സിനി അവാർഡ്‌സ് 2018 ലെ മികച്ച നടനുള്ള പുരസ്കാരം, വർഷങ്ങളായി മലയാള സിനിമയുടെ ഓരത്ത് മറഞ്ഞും, തെളിഞ്ഞും നിന്ന്, സിനിമയ്ക്ക് ഒപ്പം വളർന്ന ‘ ജോജു ജോർജ് ‘ എന്ന നടൻ കരസ്ഥമാക്കുന്നു.

കഥാപാത്രങ്ങളുടെ ന്യൂനത കാരണം അസാദ്ധ്യം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനങ്ങൾ ഇല്ലാതിരുന്ന 2018 വർഷത്തിൽ, ഭേദപ്പെട്ട പ്രകടനങ്ങളിലെ മികച്ച പ്രകടനമായി പ്രേക്ഷകരും,ജൂറിയും ഒരു പോലെ തിരഞ്ഞെടുത്തത് ഐശ്വര്യ ലക്ഷ്മിയെയായിരുന്നു. നിമിഷയ്ക്ക് മേലെ നല്ല ഭൂരിപക്ഷത്തോടെ പോളിങ്ങിൽ മുന്നിലെത്തുകയും, ജൂറിയുടെ പിന്തുണയും കൂടിയായപ്പോൾ മികച്ച നടിക്കുള്ള സിപിസി അവാർഡിന് ഐശ്വര്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നെന്ന് പറയാം. ടൈറ്റിൽ കഥാപാത്രമായതിൻ്റെ ഗുണം ഓഡിയൻസ് പോളിൽ പ്രതിഫലിച്ചപ്പോൾ, ലില്ലിയിലൂടെ സംയുക്ത ഓഡിയൻസ് പോളിൽ മൂന്നാമതെത്തി. തൊട്ട് പിറകിലായി നിഖില വിമലും, മഞ്ജു വാര്യറും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി..

ഒരു അബോർഷൻ എന്ന വാർത്ത കൊണ്ട് തുടങ്ങി, പീഡനത്തിന് വരെ ഇരയായി മാറുന്ന സംഭവങ്ങളിലൂടെ സഞ്ചരിച്ച്, ആത്യന്തികമായി സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്ന ഓരോ സീനിന്റെയും പ്രോഗ്രെഷൻ ,ടെൻഷൻ എന്നിവ നായികയുടെ അവസ്ഥ പറയുന്നതിലൂടെയും, പ്രകടിപ്പിക്കുന്നതിലൂടെയും സാധ്യമാക്കിയിട്ടുള്ള വരത്തനിൽ,
തുടക്കത്തിൽ അടിമുടി തകര്‍ന്ന മാനസികാവസ്ഥയില്‍ നില്‍ക്കുന്ന പ്രിയാ പോളിനെ പരിചയപ്പെടുത്തുമ്പോൾ തന്നെ, നിലതെറ്റി നില്‍ക്കുമ്പോളും, തന്നേക്കാള്‍ മാനസികമായി ദുര്‍ബലനായ എബിയെ താങ്ങിനിര്‍ത്തുന്ന പ്രിയയെയും സിനിമയിൽ കാണാനാവുന്നുണ്ട്. ഒപ്പം , വളരെ മിനിമൽ സംഭാഷങ്ങളിലൂടെ നായിക ചെറുപ്പം മുതൽ കടന്നു പോയ സ്റ്റാക്കിങ്, ഈവ് ടീസിങ്, വയേറിസം എന്നിവയുടെ ഭീകരതയെ അറപ്പോടെ പ്രതിപാദിക്കുന്നുണ്ട്. ഈ അവസ്ഥകളൊക്കെ സിനിമയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ കാര്യങ്ങളാവുമ്പോൾ സിനിമയുടെ വിജയം തന്നെ സാധ്യമാക്കിയ പ്രകടനമായാണ് ജൂറി ഐശ്വര്യ ലക്ഷ്മിയുടെ പ്രിയയെ വിലയിരുത്തിയത്.

തീർത്തും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളെ അതിന്റെ എല്ലാ വൈകാരികതകളും ഉൾക്കൊണ്ടു കൊണ്ടാണ് നിമിഷ സജയൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിരീക്ഷിച്ച ജൂറി, ഫോൺ വിളികളിലൂടെ എസ്റ്റാബ്ലിഷ് ചെയ്യുന്ന ഈടയിലെ നിമിഷയുടെ പ്രണയത്തിന്റെ പ്രോഗ്രഷൻ കൂടുതലും, കോ സ്റ്റാർ പ്രസൻസ് ഇല്ലാതെ പോലും നൈസർഗ്ഗികവും, മിനിമലും എന്നാൽ വളരെ റിലേറ്റബിൾ ആയ എക്സപ്രഷനിലൂടെ ആണ് നിമിഷ അവതരിപ്പിക്കുന്നതെന്ന് കൂടി അഭിപ്രായപ്പെട്ടു. ലൗഡ് അല്ലാത്ത പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ ക്യാച്ചി gestures ലൂടെയും ശരീരഭാഷയിലൂടെയും പ്രകടിപ്പിക്കാനും നിമിഷ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എടുത്ത് പറഞ്ഞ ജൂറി, തേർഡ് ആക്റ്റിലും വളരെ കൺവിൻസിംഗ് ആയ ഇമോഷണൽ ഡെപ്ത് നൽകാൻ നിമഷക്ക് പറ്റുന്നുണ്ടെന്ന് കൂടി കൂട്ടി ചേർത്തു. ഒരു കുപ്രസിദ്ധ പയ്യനിൽ വ്യക്തിത്വം ഉള്ള അഡ്വക്കേറ്റ് കഥാപാത്രം പേപ്പറിൽ നിന്നെടുത്ത് സ്വന്തമാക്കാനും, സങ്കീർണമായ വൈകാരികാവസ്ഥകളെ വൃത്തിയാക്കി ചെയ്യാനും നിമിഷയ്ക് കഴിഞ്ഞെന്ന് ഒരു വിഭാഗം ജൂറി അഭിപ്രായപ്പെട്ടപ്പോൾ, ജോളി LLBയിലെ അർഷാദ് വാഴ്‌സിയുടെ കഥാപാത്രത്തിൽ നിന്ന് ഇൻസ്പെയർഡായ കുപ്രസിദ്ധ പയ്യനിലെ കഥാപാത്രത്തെ അത്രയും എഫക്ടീവ് ആക്കി മാറ്റാൻ നിമിഷക്ക് സാധിച്ചില്ലെന്ന മറുവാദവും കൂടി ഒരു കൂട്ടം ജൂറിയംഗങ്ങളിൽ നിന്ന് വന്നു.

സിനിമവൈസ്, നായകനായ എബി ഒരു underdog ൽ നിന്ന്, മാച്ചോ ആയി മാറുമെന്ന് നമ്മുക്ക് അറിയാമെങ്കിലും, പ്രിയ പോൾ “എബിക്ക് ഒന്നും ചെയ്യാൻ പറ്റില്ല” എന്ന് പറയുമ്പോൾ ഐശ്വര്യയുടെ ക്യാരക്ടറിനോട് വല്ലാത്ത എമ്പതി തോന്നുന്നുണ്ട്. വളരെ ഹിഡൻ ആണെങ്കിലും നായികയുടെ ഗ്രാജ്വൽ ട്രാൻസ്ഫോർമേഷൻ നടക്കുന്ന സിനിമയിൽ, നായകന്റെ ആർക്കിനെ നിശ്ചയിക്കുന്നത് നായികയുടെ ഓരോ സീനിന്റെയും വികാര വിക്ഷോഭങ്ങളാണെന്നിരിക്കെ, പക്വതയും, പാകതയും ,അമ്പരപ്പും, ഭീതിയും അസ്വസ്ഥതയും ഒക്കെ ഐശ്വര്യ ഓരോ സീനിലും മാറിമാറി പ്രകടിപ്പിക്കുന്നുണ്ട്. അതും വലിയ ഡയലോഗുകളുടെ അകമ്പടികളില്ലാതെ. സ്ത്രീ എന്ന നിലയ്ക്ക് താന്‍ നേരിടുന്ന പല തരത്തിലുള്ള പീഢനങ്ങളെ, ഒരു ഘട്ടത്തിലും എബിക്ക് മനസിലാകാതെ വരുമ്പോള്‍ അവരിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കണ്‍സിസ്റ്റന്‍സിയോടെ അവതരിപ്പിക്കുന്നുണ്ട് ഐശ്വര്യ.
തന്റെ കംഫോർട്ട് സോണിൽ ‘കൂടെ’ സിനിമയിൽ നല്ല പ്രകടനം നടത്തിയ നസ്രിയ, ഊർവശിയെ പോലെ ഒരു വലിയ നടിയോടൊപ്പം, ഹാസ്യ രംഗങ്ങളിൽ ഉൾപ്പെടെ മികച്ച ടൈമിങ്ങിൽ നല്ല പ്രകടനം അരവിന്ദന്റെ അതിഥികളിലും, ഞാൻ പ്രകാശനിലും കാഴ്ച വെച്ച നിഖില വിമലിനെയും ജൂറി പരാമർശിച്ചു.
ഒരു പക്ഷെ സ്ത്രീകൾക്ക് 2018 ൽ വന്ന ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റുന്ന, അവരവരെതന്നെ സ്‌ക്രീനിൽ കാണുന്ന ഇമേജ് സൃഷ്ടിക്കാൻ കഴിഞ്ഞ ഐശ്വര്യ ലക്ഷ്മിക്കാണ് ഈ വർഷത്തെ മികച്ച നടിക്കുള്ള സിപിസി പുരസ്കാരം.


രണം ടൈറ്റിൽ ട്രാക്ക് (Ranam Title Track)
(സംഗീത സംവിധാനം : ജെയ്ക്സ് ബിജോയ്
ഗാനരചന : മനോജ് കൂറൂർ
പാടിയത് : അജയ് ശ്രാവൺ,നേഹ എസ് നായർ, സെയിൻ്റ് TFC, ജെയ്ക്‌സ് ബിജോയ്)

മികച്ച നടന് ശേഷം ഓഡിയൻസ് പോളിൽ ഏറ്റവും ശക്തമായ മത്സരം നടന്ന വിഭാഗത്തിൽ ജൂറിയുടെ കൂടി പിന്തുണയോടെയാണ് രണം ടൈറ്റിൽ ട്രാക്ക് അവാർഡിന് അർഹമായത്. ജോസഫിലെ പൂമുത്തോളെ, ഒടിയനിലെ കൊണ്ടോരാം, തീവണ്ടിയിലെ ജീവാംശമായ് എന്നീ ഗാനങ്ങൾ ആദ്യ സ്ഥാനത്തിന് നല്ല വെല്ലുവിളിയുയർത്തുകയുണ്ടായി.
മലയാള സിനിമക്ക് കിട്ടിയ വളരെ പ്രോമിസിംഗ് മ്യൂസിക് ഡയറക്ടർ ആണ് ജെയ്ക്സ് ബിജോയിയെന്ന് അഭിപ്രായപ്പെട്ട ജൂറി, അദ്ദേഹത്തിൻ്റെ തന്നെ മറ്റൊരു ഗാനമായ ക്വീൻലെ ‘വെണ്ണിലവേ’ എന്ന ഗാനത്തെയും പരാമർശിക്കുകയുണ്ടായി. അമേരിക്കൻ ബേസ്ഡ് സ്റ്റോറി ആയതു കൊണ്ട് ഇംഗ്ലീഷ് റാപ് , അതിന്റെ കൂടെ തമിഴ് റാപ് ഒക്കെ മിക്സ് ചെയ്തു ടെക്നോ ജോണറിൽ ഉള്ള ഒരു സോംഗ് ആ സിനിമയുടെ ഒരു soul എന്ന് പറയാവുന്ന വിധത്തിൽ അതിനോട് ചേർന്ന് നിൽക്കുന്നുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഒരു ലോങ്ങ് ലാസ്റ്റിങ്ങ് പാട്ടിലൂടെ തൻ്റെ വരവിനെ അടയാളപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാവാം ‘ രീതിഗൗള ‘ രാഗം “ജീവാംശമായി” ക്ക് വേണ്ടി കൈലാസ് മേനോന് ചൂസ് ചെയ്തതെന്ന് നിരീക്ഷിച്ച ജൂറി,ഈ രാഗത്തിനു അധികം ഫ്രീഡം ഇല്ലാത്തതിനാൽ ഈ രാഗത്തിലുള്ള മറ്റു പാട്ടുകൾ പെട്ടന്ന് ഓർമ്മ വരുന്നത് സ്വാഭാവികമാണെന്നും കൂട്ടി ചേർത്തു. അതേ സമയം ഓർക്കസ്ട്രേഷനിൽ മഹേഷ് രാഘവന്‍റെ Geoshred പോലുള്ള ഇന്‍സ്ട്രുമേന്‍റ്സ് ഉപയോഗിച്ച് കൊണ്ട് കുറച്ചു പുതുമകൾ കൊണ്ട് വന്നിട്ടുണ്ടന്ന് അഭിപ്രായപ്പെട്ടു.
തൊണ്ണൂറുകളുടെ ആദ്യമൊക്കെ ഉണ്ടാകേണ്ടിയിരുന്ന ഒരു ട്യൂണെന്ന് അഭിപ്രായമുണ്ടായ പൂമുത്തൊളെ എന്ന ഗാനത്തിന് ‘ പപ്പയുടെ സ്വന്തം അപ്പൂസിലെ സ്നേഹത്തിൻ പൂഞ്ചോല തീരത്തെ ‘ എന്ന ഗാനവുമായി തോന്നുന്ന സാമ്യം പ്രധാന പോരായ്മയായി ജൂറി നിരീക്ഷിച്ചു.
മ്യുസിക്കലി യുണീക്ക് ഒന്നുമില്ലെങ്കിലും പാലക്കാടൻ നാട്ടുഭാഷയെ, അതിന്റെ ലോപനങ്ങളെയും , ഡയനാമിക്സിനെയും ഒരു സൂതിങ് മെലഡിയ്ക്കുള്ളിൽ ഒതുക്കുവാൻ കഴിഞ്ഞതാണ് “കൊണ്ടോരാം” പാട്ടിന്റെ ബ്രില്യൻസായി ജൂറി നിരീക്ഷിച്ചത്. ഉറൂമിയിലെ “ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന” എന്ന പാട്ടിന് ശേഷം ഒരു പർടിക്കുലർ സ്ലാങ്ങിൽ ശ്രദ്ധിക്കപ്പെട്ട മെലഡി പാട്ടായിരിക്കണം കൊണ്ടോരാമെന്നും ജൂറി കൂട്ടി ചേർത്തു.
വ്യവസായ ശേഷിപ്പുകൾ ഉള്ള ഒരു തകർന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ രണം എന്ന സിനിമക്കുളിൽ, ആ പ്രമേയത്തെ ഏതെങ്കിലും വിധത്തിൽ സംവേദനം ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് തൃഭാഷിയായ, ഫ്യുഷൻ സോംഗ് ടൈറ്റിൽ ട്രാക്കാണെന്നും, റാപ് വോകൽസും, തമിഴും മലയാളവും ഒരു ചെറിയ സെമി ക്ലാസിക്കൽ ഇൻസ്ട്രുമെന്റൽ ബിറ്റും, അവയുടെ പേസിൽ ഉള്ള വ്യതിയാനങ്ങളെ ക്രമീകരിച്ചിട്ടുള്ള ഒരു മികച്ച കമ്പോസിഷനാണ് രണം ടൈറ്റിൽ ട്രാക്ക് എന്നത് കൊണ്ട് തന്നെ ആ ഗാനമാണ് സിപിസി സിനി അവാർഡ്സിൽ ബെസ്റ്റ് ഒറിജിനൽ സോങ്ങ് പുരസ്കാരം നേടിയിരിയ്ക്കുന്നത്

ജൂറി തിരഞ്ഞെടുപ്പ് വഴി മാത്രം തീരുമാനിക്കപ്പെട്ട മികച്ച സൗണ്ട് ഡിസൈനുള്ള പ്രഥമ സിപിസി പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത് ഈ.മ.യൗ എന്ന ചിത്രത്തിലൂടെ രംഗനാഥ് രവിയാണ്.
ദൃശ്യമികവിനൊപ്പം ശബ്ദലേഖനത്തിന്റെ പൂർണ്ണമായ പിന്തുണയും കൂടി ചേർന്നപ്പോഴാണ്, ഈ മ യൗ എന്ന ചിത്രം അതിന്റെ പൂർണതയിൽ എത്തിയതെന്ന് “അന്നയും റസൂലും” ചിത്രത്തിലെ സൗണ്ട് ഡിസൈനിങ്ങിന് നാഷണൽ അവാർഡ് ജേതാവായ, ബോളിവുഡ് സിനിമകളിലടക്കം പ്രാഗൽഭ്യം തെളിയിച്ച ശ്രീ രാധാകൃഷ്ണൻ ലീഡ് ചെയ്ത ജൂറി കമ്മിറ്റി വിലയിരുത്തുകയുണ്ടായി.
ഈ മ യൗ എന്ന സിനിമയുടെ ശബ്ദ സന്നിവേശത്തിന്റെ ആത്മാവ് അതിലെ മഴയും കാറ്റുമാണ് , അവ അതാതു സീനുകൾക്കനുസരിച്ചു അതി ഗംഭീരമായാണ് ചെയ്തിരിക്കുന്നത്.
തിരമാലകളെ ക്യാമറാമാൻ ഒപ്പിയെടുത്തതിന്റെ മികവിനെ അടുത്ത തലത്തിലേക്ക് കൊണ്ടെത്തിക്കാൻ ശബ്ദ സന്നിവേശകൻ ശ്രമിച്ചിട്ടുണ്ട് , അത് വളരെ മികച്ച രീതിയിൽ ചെയ്തെടുക്കാനും അദ്ദേഹത്തിനായി.
സിങ്ക് സൗണ്ട് എന്ന സാധ്യത ഒരു സിനിമയെ മാക്സിമം ഒറിജിനൽ ആക്കാൻ അണിയറക്കാർ ഉപയോഗിച്ച് പോരുന്ന സങ്കേതമാണ് , പക്ഷെ ചെല്ലാനം പോലെ ഒരു പ്രദേശത്തു സിങ്ക് സൗണ്ട് വളരെ അപ്രായോഗികമായിരുന്നു , എന്നിരുന്നാലും ആ ഒറിജിനാലിറ്റി ഏതാണ്ട് അതെ രീതിയിൽ തന്നെ റീക്രിയേറ്റു ചെയ്യാൻ രംഗനാഥ്‌ രവിക്ക് കഴിഞ്ഞിട്ടുണ്ട് ചിത്രത്തിൽ.
സിങ്ക് സൗണ്ടിന്റെ ഭാവങ്ങൾ തെല്ലും ചോർന്നു പോകാതെ ഫുൾ ഡബ്ബ് ചെയ്ത ശബ്ദത്തിന്റെ മികവിൽ കാണികളെ അമ്പരപ്പിച്ചു ഈ.മ.യൗ എന്ന വിലയിരുത്തൽ ശ്രദ്ധേയമായിരുന്നു.
ക്ളൈമാക്സിനോട് അടുക്കുമ്പോൾ ചെമ്പൻ മൺവെട്ടി എടുത്തു നനഞ്ഞ മണ്ണ് കിളക്കുന്ന ഒരു രംഗമുണ്ട് , അതൊക്കെ ശബ്ദാലേഖനത്തിന്റെ മികച്ച ഉദാഹരണമായി ജൂറി വിലയിരുത്തി.
ഫാബ്രിക്കേറ്റഡ് ആയ പശ്ചാത്തലസംഗീതത്തിന്റെ സപ്പോർട്ട് ഇല്ലാതെ തന്നെ ചിത്രത്തിൽ ഇമോഷൻസ് ഫീൽ ചെയ്യിക്കുന്നതിൽ നാച്ചുറൽ എലെമെന്റ്സ് കൊണ്ട് മാത്രം അത് പൂർണ്ണമായും ചെയ്തെടുക്കാനും സിനിമയുടെ പരിസരങ്ങളെ അതിലൂടെ സജീവമാക്കി നിർത്താനും കഴിഞ്ഞു എന്നതാണ് രംഗനാഥ്‌ രവിയുടെ വിജയം.
വിദൂര ദൃശ്യങ്ങളെ അടയാളപ്പെടുത്തുന്നതിലും, ആൾക്കൂട്ടത്തിന്റെ സാന്നിധ്യം പ്രതിഭലിപ്പിക്കുന്നതിലും അടക്കം ആ കയ്യടക്കം ശ്രവ്യമാണ് എന്നും ജൂറി കൂട്ടിച്ചേർത്തു.
ജൂറിയുടെ മുന്നിലെത്തിയതും വിലയിരുത്തപ്പെട്ടതുമായ മറ്റു പ്രമുഖ സിനിമകൾ പൂമരവും, സുഡാനിയും, രണവും, കാർബണും, കമ്മാര സംഭവവും ആയിരുന്നു.
കൃത്യമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അവയുടെ മേന്മകളിൽ എടുത്തു പറയേണ്ടവ :

  • പൂമരത്തിലെ ആമ്പിയൻറ് ശബ്ദങ്ങളുടെ കൃത്യമായ സന്നിവേശം.
  • സുഡാനിയിലെ ഫുട്ബോൾ മത്സരങ്ങളുടെയും, നൈജീരിയൻ ജീവിതത്തിന്റെ റീക്രിയെഷൻ ,
  • രണത്തിലെ വ്യത്യസ്ത എത്നിസിറ്റികളെ അടയാളപ്പെടുത്താനും , സിനിമയുടെ വേഗതയും താളവും ക്രമപ്പെടുത്താനും എടുത്ത ശ്രമങ്ങൾ ,
  • കാർബണിൽ കാടിന്റെ സ്വാഭാവികതയെയും , അനിശ്ചിതത്വങ്ങളെയും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത്,
  • കമ്മാര സംഭവത്തിലെ കാലഘട്ടങ്ങളിലൂടെയുള്ള ചിത്രത്തിന്റെ സഞ്ചാരത്തിന് ഫലപ്രദമായ പിന്തുണ നൽകിയതൊക്കെയാണ്.

വ്യത്യസ്തങ്ങളായ ശ്രമങ്ങൾ കഴിഞ്ഞ കൊല്ലം ശബ്ദസംവിധാന മേഖലയിലായി മലയാള സിനിമയിൽ ഉണ്ടായിയെങ്കിലും , ശബ്ദ സംവിധാന സങ്കേതങ്ങളുടെ ഫലപ്രദമായ ഉപയോഗവും , സിനിമയുടെ ആത്മാവിനോട് ഏറ്റവും ചേർന്ന് നിൽക്കാൻ സാധിച്ചു എന്നതുമാണ് രംഗനാഥ്‌ രവിയുടെ മേന്മയായി ജൂറി വിലയിരുത്തിയത്.
സ്വാഭാവികതയും, ക്രാഫ്റ്റും, സർഗാത്മകതയും ഒരേപോലെ ആവശ്യപ്പെട്ട ഈ.മ.യൗ പോലെ ഒരു ബെഞ്ച് മാർക്ക് ചിത്രത്തിനെ അതർഹിക്കുന്ന തലത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കാൻ നടത്തിയ പ്രകടനത്തെ മുൻ നിർത്തി രംഗനാഥ്‌ രവിക്കാണ് ഇക്കൊല്ലത്തെ സിപിസി സിനി അവാർഡ്‌സ് സൗണ്ട് ഡിസൈനിങ്ങിനുള്ള പുരസ്‌കാരം.

സിനിമ എന്ന ദൃശ്യമാധ്യമത്തിൻ്റെ നെടുംതൂണുകളിലൊന്നായ സിനിമാറ്റോഗ്രഫിയുടെ പലതലങ്ങൾ കണ്ട വർഷത്തിൽ, തീർത്തും വ്യത്യസ്തങ്ങളായ രണ്ട് സിനിമകൾക്ക് അവയുടെ ജീവതാളം പോലെ കൂടെ നിന്ന ഷൈജു ഖാലിദിനാണ് ഈ വർഷത്തെ മികച്ച ഛായാഗ്രഹകനുള്ള സിപിസി പുരസ്കാരം. ഈ വർഷം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്ന വിഭാഗങ്ങളിലൊന്നായ സിനിമാറ്റോഗ്രഫിയിൽ, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ലീഡ് നില മാറിമറിഞ്ഞിരുന്നു. ഓഡിയൻസ് പോളിൽ നേരിയ ഭൂരിപക്ഷത്തിൽ മുന്നിലെത്തിയ ലിറ്റിൽ സ്വയംപിനെ, ജൂറി വിലയിരുത്തലിൽ പിന്നിലാക്കിയാണ് ഷൈജു ഖാലിദ് പുരസ്കാരം സ്വന്തമാക്കിയത്.
കമ്മാരസംഭവത്തിന് സുനിൽ കെ.എസ്, കാർബണിന് കെ യു മോഹനൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിലൂടെ ഗിരീഷ് ഗംഗാധരൻ എന്നിവരും അവസാന അഞ്ചിൽ സ്ഥാനം പിടിച്ചു.
ഈ.മ.യൗവും, സുഡാനി ഫ്രം നൈജീരിയയും റിയലിസ്റ്റിക് ശൈലിയിലുള്ള ആഖ്യാനം പിന്തുടരുന്നുണ്ടെങ്കിലും അവയെ രണ്ടിനെയും ഡിസ്റ്റിൻക്ടിവ് ആക്കുന്നതിൽ ഷൈജുവിന്റെ പങ്ക് വളരെ വലുതാണെന്ന് നിരീക്ഷിച്ച ജൂറി, സോഷ്യൽ റിയലിസത്തെ പ്ലസന്റ് ആയി അവതരിപ്പിച്ച സുഡാനിയിലും, എക്സ്പ്രസ്സീവ് റിയലിസം എന്ന പരീക്ഷാത്മകമായ ശൈലി പിന്തുടർന്ന ഈ.മ.യൗവിലും അതിനോടൊപ്പിച്ചുള്ള ദൃശ്യപരിചരണം ഒരുക്കുന്നതിൽ ഷൈജു മികവ് കാട്ടിയെന്ന് വിലയിരുത്തി. രാത്രി ഷോട്ടുകളിലൊക്കെ രണ്ടു സിനിമയിലും ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തത തന്നെ ശ്രദ്ധേയം ആണെന്നുകൂടി കൂട്ടിച്ചേർത്തു.
മരണത്തെയും, ജീവിതത്തെയും, ഇരുട്ടായും, വെളിച്ചമായും സ്ക്രീനിൽ പകര്‍ത്തിയ ഈ.മ.യൗവിൽ ഇരുട്ടിന്റെ മറവിൽ മരണത്തെ അവതരിപ്പിക്കുക, പ്രകൃതിയുടെ വേരിയേഷനെ കഥാപാത്രത്തിന്റെ ആന്തരികസംഘർഷവുമായി ചേർത്ത് വെയ്ക്കുക, കടൽക്കാറ്റ് ഏൽക്കുന്ന പോലൊരു പ്രതീതി പ്രേക്ഷകരിൽ ഉണർത്തുക, തങ്ങളുടെ എസ്തെറ്റിക്സ് വൈഭവത്താല്‍ മരണവീട്ടിലെ ഒരു സന്ദർശകനായി പ്രേക്ഷകനെ പ്ലെയ്‌സ്‌ ചെയ്യുക, ഇവയൊക്കെ കൈവരിക്കാൻ സംവിധായകന്റെ വിഷന് ജീവൻ വെക്കുമാറ് ഷൈജുവിന്റെ കാമറ പ്രവർത്തിച്ചു എന്ന് കാണാവുന്നതായും ജൂറിയിൽ അഭിപ്രായമുണ്ടായി.
അവസാന റൗണ്ടിൽ വന്ന മറ്റു വർക്കുകൾക്കെല്ലാം ഒരൊറ്റ സിനിമയ്ക്കകത്തെ തിരക്കഥയുടെയും ശൈലീമാറ്റത്തിന്റെയും അസ്ഥിരത സാരമായി ബാധിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച ജൂറി, ലിറ്റിൽ സ്വയംപിന്റെ കാമറയിൽ ‘കൂടെ’യിലെ കഥാപാത്രങ്ങളുടെ ഇമോഷന് ആവശ്യത്തിലധികമായ നിറപ്പകിട്ടായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം വരത്തനിൽ സംഘർഷങ്ങളും ജീവിത ശൈലിയും ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും അഭിനന്ദിച്ചു.
ഷോട്ട് ഡിവിഷനുകൾ ഇല്ലാതെ സിംഗിൾ ഷോട്ടുകൾ കൂടുതലായി ഉപയോഗിക്കുമ്പോൾ സിനിമയുടെ പെർസ്പെക്റ്റീവ് മാറാതെ, കൺസിസ്റ്റന്റ് ആയി കാമറ വർക്ക് അനുഭവപ്പെട്ട ഈ.മ.യൗവിൽ, മിനിമല് ലൈറ്റുകൾ ഉപയോഗിച്ച് പ്രദേശത്തെയും, സമയത്തെയും ഡിഫൈൻ ചെയ്യുന്നുണ്ടന്ന് കൂടി കൂട്ടി ചേർത്തു. സുഡാനിയിൽ ലളിതമായ ആഖ്യാനത്തിനൊപ്പം, വ്യക്തിബന്ധങ്ങളുടെ ഊഷ്മളത റിഫ്ലെക്ട് ചെയ്യുന്ന തീർത്തും വ്യത്യസ്തമായൊരു ഫ്രേമിങ്ങും, ലൈറ്റിങ്ങും ആണെന്നതും ഷൈജു ഖാലിദിൻ്റെ മികവിന് അടിവരയിട്ടു. രണ്ടിലും മെക്കാനിക്കൽ മൂവ്മെന്റുകൾ കുറച്ചിട്ട് മനസ്സിൽ പതിയത്തക്ക ഫോളോവിങ്, സ്റ്റാറ്റിക് ഫ്രേമുകൾ സിനിമകളെ പ്രാദേശികമായും, ഇന്റർനാഷണൽ ആയും ഒരേസമയം പ്ലെയ്‌സ്‌ ചെയ്യാൻ ഉപകരിക്കുന്നുണ്ടെന്നും, മലബാറിലെ ഭൂപ്രകൃതിയും, കാണികൾ ആർത്തിരമ്പുന്ന കാല്പന്തുകളിയും, പിന്നിട്ടു സിനിമ അതിർത്തികൾ താണ്ടി നൈജീരിയയിലേക്ക് എത്തുമ്പോൾ ക്യാമറ മേലങ്കികൾ അഴിച്ചു വെച്ച് ഒരു കഥ പറച്ചിലുകാരൻ മാത്രം ആയി ഒതുങ്ങുന്നുമുണ്ടെന്നത് നിരീക്ഷിക്കപ്പെട്ടു. തിരക്കഥകളുടെ മികവ് ഷൈജുവിന്റെ വർക്കിന്റെ കൺസിസ്റ്റൻസിയ്ക്ക് സഹായകമായിട്ടുണ്ടെന്ന് കൂടി ജൂറിയിൽ വിലയിരുത്തലുണ്ടായി.
കെ യു മോഹനൻന്റെ കാർബൺ രണ്ടാം പകുതിയില്‍ വനതിലേക്കുള്ള പശ്ചാത്തലമാറ്റം മുതല്‍ തീർക്കാൻ പാടുപെടുന്നതുപോലെ അനുഭവപ്പെട്ടുവെന്ന് അഭിപ്രായം വന്നപ്പോൾ, ആദ്യപകുതിയും രണ്ടാം പകുതിയും രണ്ടുവിധത്തിലുള്ള ട്രീറ്റ്‌മന്റുമാണെന്നത് ജൂറി എടുത്ത് പറഞ്ഞു.
കമ്മാരസംഭവത്തില്‍ കെ.എസ്.സുനിലിന്റെ ഛായാഗ്രഹണം ഒരു മാസ്സ് എപിക് സിനിമയുടെ എല്ലാ വിശേഷതകളും പേറിയ ചലഞ്ചിങ്ങായൊരു ആദ്യപകുതിയിൽ നിന്ന്, തിരക്കഥയുടെ ഗതിമാറ്റം മൂലം ആവറേജ് ആയിപ്പോയ രണ്ടാം പകുതിയിലൊതുങ്ങിയതായാണ് ജൂറി പരാമർശിച്ചത്.
രണ്ട് മികച്ച സിനിമകളുടെ കാമറയുടെ അമരക്കാരനായി ഈശിയെയും, ഇരുട്ടിനെയും, മജീദിനെയും, പന്ത് കളിയേയും അവയുടെ സത്ത ചോരാതെ പ്രേക്ഷകരിലേക്കെത്തിച്ച ഷൈജു ഖാലിദിന് ഈ വർഷത്തെ മികച്ച ഛായാഗ്രഹകനുള്ള സിപിസി പുരസ്കാരം സമർപ്പിക്കുന്നു.

CPC സിനി അവാർഡ്‌സ് 2018ലെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ‘സുഡാനി ഫ്രം നൈജീരിയ’ എഡിറ്റ് ചെയ്ത നൗഫൽ അബ്ദുള്ളയ്ക്കാണ്. ഈ തവണയും പോളിങ്ങില്ലാതെ പൂർണ്ണമായും ജൂറിയുടെ തിരഞ്ഞെടുപ്പിന് വിട്ട വിഭാഗത്തിൽ, ജോസഫിൻ്റെ എഡിറ്റിങ്ങിന് കിരൺ ദാസിനെയും, ഈ.മ.യൗ എഡിറ്റർ ദീപു ജോസഫിനെയും, പൂമരം എഡിറ്റർ കെ ആർ മിഥുനെയും മറികടന്നാണ് നൗഫൽ അബ്ദുള്ള അവാർഡ് കരസ്ഥമാക്കിയത്.

വളരെയധികം വൈകാരികമായ സിനിമയിൽ കഥയുടെ ഗതിയിൽ തെല്ല് പോലും അലോസരമുണ്ടാക്കാതെ സിനിമയുടെ തീവ്രത പ്രേക്ഷകനു അനുഭവപ്പെടുന്നതിൽ “നൗഫല്‍ അബ്ദുള്ളയുടെ” ചിത്രസംയോജനത്തിന് ഏറെ പങ്കുണ്ട്. സിനിമയുടെ സീൻ കോറിയോഗ്രാഫിയിൽ ഓരോ രംഗവും ആവശ്യപ്പെടുന്ന ഇമോഷൻസ് രൂപപ്പെടുത്തിയതിൽ എഡിറ്ററുടെ ക്രിയാത്മകമായ ഇടപ്പെടൽ വ്യക്തമാണ്. പ്രത്യേകിച്ചു റിയലിസ്റ്റിക് അനുഭവപരിസരം ഉണ്ടാക്കുന്നതിൽ അഭിനേതാക്കളുടെ പ്രകടനം പോലെ നിർണായകമാണ്, ഈ പ്രകടനങ്ങളെ കൃത്യമായ ഇമോഷണല്‍ ഇംപാക്ട് നല്‍കുന്ന രീതിയില്‍ പ്രതിഷ്ഠിക്കുന്ന എഡിറ്റിങ്. സിനിമയിലെ വൈകാരികരംഗങ്ങളിലെല്ലാം ഉചിതമായ ഫുട്ടേജുകളുടെ കൃത്യമായ പ്ലേസമെന്‍റ് കാണാം (കൈ വീശല്‍ സീന്‍ , ബാപ്പയും മകനും എ ടി എമ്മിന് മുന്നില്‍ കണ്ടു മുട്ടുന്ന ക്ളൈമാക്‌സ് സീന്‍). പാട്ടുകളിൽ മറ്റും മാക്സിമം ഫൂട്ടേജ് ഉപയോഗിക്കുമ്പോഴും, സിനിമയുടെ കാതലായ സീനുകൾ അതിന്റെ കാമ്പ് ചോർന്ന് പോകാതെയുള്ള ബേസിക് കട്ടുകൾ ആണ്. സുഡാനിയുടെ സഹജമായ നിഷ്കളങ്കതയിൽ ഊന്നിയ, തീമിന് അനുയോജ്യമായ എഡിറ്റിങ് ആണ് സിനിമയെ കൂടുതൽ ഹൃദ്യമാക്കി മാറ്റുന്നത്..

ഈ.മ.യൗ. പോലെ ഒരു പ്രത്യേക ടൈം ഫ്രേമിനുള്ളിൽ നടക്കുന്ന കഥയുടെ ഭാവതീവ്രത ഒട്ടും ചോർന്ന് പോകാതെ മുന്നോട്ട് നയിക്കുന്നതിൽ ദീപു ജോസഫിന് കാര്യമായ പങ്കുണ്ട്. സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ് നിൽക്കുന്ന സിനിമയിൽ ഫൂട്ടേജുകൾ കൃത്യമായി ഉപയോഗിക്കാനും, സീൻ കണ്ടിന്യുവിറ്റി നിലനിർത്തി കൊണ്ട് പോകുന്നതിലും ദീപു ജോസഫ് വിജയിച്ചിട്ടുണ്ട്. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമയിൽ ഡ്രാമയ്ക്കനുസൃതമായി സിനിമയെ കൊണ്ട് പോകാനും എഡിറ്റിങ്ങ് സഹായിച്ചിട്ടുണ്ട്.

പൂമരം പോലത്തെ വലിയ രീതിയിൽ ത്രീ ആക്റ്റ് സ്ട്രക്ച്ചർ വരാത്ത പ്ലോട്ടിൽ, വെർബലിൽ ഊന്നിയ വ്യക്തമായ സ്‌ക്രീൻ പ്ളേ ഡീറ്റയിലിങ്ങിൽ നിന്ന് വേറിട്ട് എഡിറ്റിങ് ഇൻപുട്ടുകൾക്ക് സാധ്യത കുറവാണ് എന്ന് കരുതാം. എന്നിരുന്നാലും ഒരേ ഫ്‌ളോ മെയിന്റൈൻ ചെയ്ത് പോവുന്നതിൽ എഡിറ്റർ കെ ആർ മിഥുൻ അഭിനന്ദനമർഹിക്കുന്നു. കുറച്ചു അനാവശ്യ കട്ട് എവേകളും പിന്നെ ഫൂട്ടേജുകളും വന്നത് സിനിമയുടെ ലെങ്തിനെ ബാധിക്കുമ്പോൾ പോലും, അനുരൂപമായ ഘടന സിനിമക്ക് അവകാശപ്പെടാൻ പറ്റുന്നത് എഡിറ്റിങ്ങ് കാരണമാണ്

ഒരേ സമയം മെലൊഡ്രാമ ഒഴിവാക്കാനും, എന്നാലും റിയാക്ഷനുകളിലൂടെ സിനിമയുടെ ഡ്രാമയെ പലപ്പോഴും തീവ്രമാക്കാനും ജോസഫിന്റെ എഡിറ്റിങ്ങിൽ കിരൺ ദാസിന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ ഗതിവേഗം നിയന്ത്രിക്കുകയും, വളരെ സിനിമാറ്റിക്കായി കൃത്യമായി കട്ടുകളിലൂടെ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട് എഡിറ്റിങ്ങ്. വൺമാൻഷോ എന്ന് തോന്നുന്ന സമയത്ത് പോലും കേന്ദ്രകഥാപാത്രത്തിന്റെ ഹീറോയിസം ടോൺഡൗൺ ചെയ്യുന്നതിൽ എഡിറ്ററുടെ സെൻസിബിളിറ്റി കാണാവുന്നതാണ്.

കഴിഞ്ഞ വർഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച സിനിമകളെല്ലാം എഡിറ്ററുടെ കൃത്യമായ ഇടപ്പെടൽ വിളിച്ചോതുന്നവയാണ്.. എന്നിരുന്നാലും ഒരു false note പോലും വരാതെ, ഫാൻസി എഡിറ്റുകൾ ഇല്ലാതെ, സിനിമയുടെ ഇതിവൃത്തത്തിനും അതിലെ കഥാപാത്രങ്ങളുടെ സംഘർഷങ്ങൾക്കും ഊന്നൽ കൊടുത്തുകൊണ്ട് തന്നെ സുഡാനിയെ ഒരു മികച്ച സിനിമാനുഭവം ആക്കിയ നൗഫൽ അബ്ദുള്ളയ്ക്കാണ് സിപിസിയുടെ ഈ വർഷത്തെ മികച്ച എഡിറ്റർ പുരസ്കാരം.

സിപിസി സിനി അവാര്‍ഡ്‌സ് 2018 ലെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാർഡ് ഈ.മ.യൌവിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്കാണ്.

മരണത്തെയും ഇഹലോക-പരലോക യാത്രയെയും ഒരേസമയം ക്രീപ്പിയും ടച്ചിങ്ങും ആയി ശബ്ദങ്ങളിലേക്ക് ആവാഹിക്കാൻ പ്രശാന്തിന് സാധിച്ചു. പ്രത്യേകിച്ച് അവസാനരംഗങ്ങളില്‍ പ്രേക്ഷകന്റെ ആത്മവിനെ അക്ഷരാർഥത്തിൽ വറ്റിച്ചുകളയുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിൽ പ്രശാന്ത് പിളളയുടെ പങ്ക് വിസ്മരിക്കാനാകില്ല. ഗാനങ്ങളേക്കാൾ പശ്ചാത്തലസംഗീതത്തിന് പ്രാധാന്യം കൊടുക്കുകയും, പരമ്പരാഗതമായ ഓർക്കസ്ട്രേഷൻ രീതി പൊളിച്ചെഴുതി നൂതനപരീക്ഷണങ്ങളിലേർപ്പെടുകയും വഴി താൻ ഭാഗമായ സിനിമകളിൽ തന്റേതായ ഒരടയാളം പ്രശാന്ത് പിള്ള സമന്വയിപ്പിക്കാറുണ്ട്. ഈ.മ.യൗവിലും സ്വാഭാവികമായ അന്തരീക്ഷത്തെ തിരയുടെയും കാറ്റിന്റെയും മഴയുടേയുമൊക്കെ ശബദ്ത്തിനോട് ഒരിക്കൽ പോലും അലോസരമുണ്ടാക്കാതെയുള്ള പ്രശാന്ത് പിള്ളയുടെ ബിജിഎം സിനിമയുടെ ഒരു ഡയമൻഷനായിത്തന്നെ നിലകൊള്ളുന്നുണ്ട്.

മൂഡും ജോണറും സീനിന്റെ എക്സ്പോസിഷനും മനസ്സിലാക്കി കില്ലർ ബി.ജി.എം ചെയ്യാൻ ജേക്സ് ബിജോയിയ്ക്ക് കഴിവുണ്ടെന്ന് രണത്തിലെ ഡിട്രോയിറ്റ്‌ ചേസുകളും ആഖ്യാനവും കണ്ടാൽ മനസ്സിലാകും. അതേ പ്രാവീണ്യത്തോടെയാണ് അദ്ദേഹം ക്വീനിലെ കോളേജ് ഫൈറ്റും മറ്റും കമ്പോസ് ചെയ്തിരിക്കുന്നത് എന്നത് ഭൂപ്രകൃതിക്കും ജോണറിനും അനുസരിച്ച് വർക്ക് ചെയ്യാൻ കഴിയുന്ന ജേക്സിന്റെ കഴിവിന്റെ ഉദാഹരമാണ്.

റെക്സ് വിജയന്‍റെ ബിജിഎം, ‘സുഡാനി ഫ്രം നൈജീരിയ’യുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നതാണ്. പ്രേക്ഷകനെ ഒരു പരിധിവരെ ഇമോഷണലി മൂവ് ചെയ്യിക്കുന്നുണ്ടെങ്കിലും, അവ ഒരിക്കൽപ്പോലും വൈകാരികമായി പ്രേക്ഷകനെ ചൂഷണം ചെയ്യുന്നില്ല. പ്രേക്ഷക വോട്ടുകളിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചെങ്കിലും, ഗോപി സുന്ദറിന്റെ ക്യാപ്റ്റൻ, കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി എന്നിവയിലുള്ള വർക്ക് അദ്ദേഹത്തിന്റെ പ്രതിഭക്കൊത്ത് ഉയർന്നതായി കാണപ്പെട്ടില്ലന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഈ.മ.യൗവിന്റെ ആകെത്തുകയിലുള്ള മികവിനെ പശ്ചാത്തലസംഗീതത്തെ മറന്നുകൊണ്ട് ഓർക്കാൻ സാധിക്കില്ല.

ഈ.മ.യൗവിന്റെ മൂഡിനോട്‌ ഇഴുകിച്ചേർന്നു നിൽക്കുന്ന, പതിവ് രീതികളിൽനിന്ന് മാറി നിൽക്കുന്ന കമ്പോസിഷനുകളാണ് പ്രശാന്ത് പിള്ളയെ സിപിസി സിനി അവാർഡ്‌സ് 2018-ലെ മികച്ച പശ്ചാത്തലസംഗീതത്തിന് അർഹനാക്കുന്നത്.

സാവിത്രി ശ്രീധരൻ(സുഡാനി ഫ്രം നൈജീരിയ)& പൗളി വൽസൻ (ഈ മാ യൗ)

ഒപ്പത്തിനൊപ്പമുള്ള ഒരുപാട് അഭിനയ പ്രകടനങ്ങൾ കണ്ട സഹനടി കാറ്റഗറിയിൽ, പ്രേക്ഷക വോട്ടിങ്ങിലെ ശക്തമായ മത്സരത്തിനും, ജൂറി വിലയിരുത്തലിനും, ഒരുപാട് ചർച്ചകൾക്കും ശേഷമാണ് മികച്ച സഹനടിക്കുള്ള അവാർഡ് സാവിത്രി ശ്രീധരനും, പൗളി വൽസനും പങ്കിട്ട് നൽകാൻ തീരുമാനിക്കപ്പെട്ടത്.

ഒറ്റ ഇരുപ്പിൽ പൗളി വൽസൻ കാണിച്ച, വ്യത്യസ്ത തലങ്ങളിൽ ഇറങ്ങി ചെല്ലുന്ന പ്രകടനം അവരെ സി പിസി സിനി അവാർഡിലെ മികച്ച സഹനടി ആക്കുന്നെന്ന് നിരീക്ഷിച്ച ജൂറി , രണ്ടാം ഭർത്താവിനും മകനുമിടയിൽ ഉലയുന്ന ജീവിതത്തെ, ആ കഥാപാത്രത്തിൻ്റെ ഇമൊഷൻസിനെ, സ്ക്രീനിൽ ആ കഥാപാത്രമെന്നോണം വൈകാരികമായും, ഇഷ്ടപ്പെടുത്തുന്നതുമായ പ്രകടനവുമായെത്തിയ സാവിത്രി ശ്രീധരൻ്റെേത് ഒരിക്കലും തഴയപ്പെടേണ്ട പ്രകനമല്ലെന്ന് കൂടി കൂട്ടി ചേർക്കുകയുണ്ടായി.

ലിമിറ്റഡ് ലോക്കേഷനും, ഫിക്സഡ് സ്റ്റേജിങ്ങിലും ഫ്രേമിൽ വരുന്ന പെണ്ണമ്മയെന്ന കഥാപാത്രം ,ആ ലിമിറ്റഡ് സ്പെസിൽ നിന്ന് കൊണ്ട് അഭിനയത്തിൽ ആകെയുള്ള ആയുധമായ ഡയലോഗ് ഡെലിവറിയിലൂടെ നല്ലൊരു ലൗഡ് ആൻഡ് ലേശം ഗ്രേ ക്യാരക്റ്റർ “അമ്മയെ” ഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ചതായി ജൂറി അഭിപ്രായപ്പെട്ടു. കരച്ചിലിനും, നിലവിളിക്കും ഒരു “താള”വും, രാവിലെ അച്ഛൻ വന്ന് പ്രാർത്ഥിക്കുമ്പോൾ ഞെട്ടി എഴുന്നേറ്റ് സ്ഥലകാലബോധം കൈവരിച്ചു വീണ്ടും പൊടുന്നനെ കരയാൻ തുടങ്ങുന്നതും , മരുമോളുടെ വീട്ടുകാർ ബോഡി കാണാൻ വരുമ്പോഴുള്ള റിതമിക്ക് കരച്ചിലിനിടയിലും, സ്ത്രീധനത്തിന്റെ പേര് പറഞ്ഞു അവർക്കിട്ട് കൊട്ടുന്നതും, ഭർത്താവിന്റെ അഫയറിനെ പറ്റിയുള്ള ബോധവും, അയാളുടെ ദൂര യാത്രകളും അറിയാവുന്ന ഭാര്യയെ ഒരിടത്ത് പോലും കൈവിട്ട് പോവാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് പൗളി വൽസനെന്ന നടി. സ്ലാങ്ങിൽ ശ്രദ്ധിച്ചു, വളരെ തന്മയത്വത്തോടെ അയത്നലളിതമായി അഭിനയിച്ച സാവിത്രി ശ്രീധരന്റെ പ്രകടനവും, ഇമോഷൻസും സിനിമയിലെ പ്രധാന രംഗങ്ങളുടെ ജീവനാണെന്നിരിക്കെ ആ രംഗങ്ങൾ വർക്കൗട്ടായതിൽ അവരുടെ സ്വാധീനവുമുണ്ടെന്ന് ജൂറി നിരീക്ഷിക്കുകയുണ്ടായി. സാമുവലിനോടുള്ള കരുതലിലും, അടുക്കളയിലെ വിഷമം പറച്ചിലിലും, ഭർത്താവിനൊടുള്ള സ്നേഹത്തിലും, അവസാനമുള്ള സന്തോഷത്തിലും മജീദിൻ്റെ ഉമ്മയെ കൈവിട്ട് പോവാതെ സ്വന്തം ശരീരത്തിൽ പേറുന്നുണ്ട് ആ നടി.

ഡൊമസ്റ്റിക്ക് അബ്യുസിന്റെ കയ്പുള്ള യാഥാർത്ഥ്യം പേറുന്ന ഒരു കുടുംബത്തിലെ സാധാരണ അംഗമെന്ന നിലയിലും, സമാനമായ അനുഭവങ്ങൾ പേറുന്ന ജോഷ്വയുടെ ലൗ ഇന്ററസ്റ്റ് എന്ന നിലയിലും, താദാത്മ്യം പ്രാപിക്കുന്ന കൂടെയിലെ പാർവതിയുടെ സറ്റിൽ ആക്റ്റിങ് പാർവതി എന്ന നടിയെ സംബന്ധിച്ചു വലിയ വെല്ലുവിളി എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും, എടുത്തു പറയേണ്ട പ്രകടനം ആണെന്നും ജൂറിയിൽ അഭിപ്രായമുണ്ടായി. അതോടൊപ്പം , സുഡാനിയിലെ തന്മയത്വമുള്ള പ്രകടനത്തിന് സരസ്സ ബാലുശ്ശേരിയും ജൂറിയുടെ അഭിനന്ദനം ഏറ്റുവാങ്ങി. ഓഡിയൻസ് പൊളിലെ നല്ലൊരു വിഭാഗവും സരസ്സ ബാലുശ്ശേരിയ്ക്ക് ഒപ്പമായിരുന്നു.. പടയൊട്ടത്തിലെ സേതുലക്ഷ്മിയുടെ കഥാപാത്രത്തെയും ജൂറി ചർച്ചയിൽ പരാമർശിക്കുകയുണ്ടായി. നാട്ടുകാർ മൊത്തം ബഹുമാനിക്കുന്ന പുര നിറഞ്ഞു നിൽക്കുന്ന ഘടാഘടിയൻ ആയ മകനെ സ്നേഹം കൊണ്ടും, ശാസനകൊണ്ടും ഒതുക്കുന്ന അമ്മയെ കണ്ടു ശീലിച്ച നന്മ/തിന്മ യുടെ രണ്ടു എക്സ്ട്രീമിലും പെടാതെ ഹ്യുമർ ടച്ചും, നാച്ചുറാലിറ്റിയും കീപ് ചെയ്ത പെർഫോമൻസ് കൊണ്ട് ഓർമിക്കപ്പെടുന്ന പ്രകടനമാക്കുന്നുണ്ട് സേതുലക്ഷ്മിയെന്ന് ജൂറി വിലയിരുത്തി. തന്റെ തനത് ശൈലിയിൽ, ഹ്യുമർ ടച്ചുള്ള ഒരു വീട്ടമ്മയായി ‘അരവിന്ദന്റെ അതിഥികളിൽ’ കൈയ്യടി വാങ്ങിയ ഊർവശിയും ഓഡിയൻസ് പോൾ വഴി ആദ്യ അഞ്ചിൽ സ്ഥാനം നേടി..

നിർത്താതയുള്ള കരച്ചിൽ അഭിനയത്തിൽ പ്രതിഫലിപ്പിക്കാൻ ശാരീരികമായി അദ്ധ്വാനം വേണ്ടിവരുന്നിടത്തും, മരുമോളെ പാചകത്തിനും കൂടി ബുദ്ധിമുട്ടിക്കാത്ത ഒരു “നന്മ” അമ്മായി അമ്മയിൽ നിന്ന് അൽപ്പം ഗ്രേ ഷെയിഡ് ഉള്ള അമ്മയും, ഭാര്യയും, അമ്മായിഅമ്മയും ആയി പൗളി വിൽസൻ അനായാസമായി അഭിനയിക്കുന്നുണ്ടെന്നും കൂട്ടിചേർത്ത ജൂറി,ആ രംഗങ്ങളിലെ / പ്ലോട്ടിലെ ബ്ളാക്ക് ഹ്യുമർ പലതും വർക്ക് ഔട്ട് ആകുന്നത് ഇവരുടെ പെർഫോമൻസിലാണെന്നതും നിരീക്ഷിക്കുകയുണ്ടായി. മറുവശത്ത് മലയാള സിനിമ കണ്ട് ശീലിച്ച നന്മ അമ്മ ആവാതിരിക്കാനുള്ള വെല്ലുവിളിയെയും ശക്തമായി അതിജീവിച്ച പ്രകടനമായാണ് സാവിത്രി ശ്രീധരനെ അടയാളപ്പെടുത്തുന്നത്.

അത് കൊണ്ട് തന്നെ ഒപ്പത്തിനൊപ്പമുള്ള ആ രണ്ട് പ്രകടനങ്ങൾക്കാണ് ഈ വർഷത്തെ മികച്ച സഹനടിക്കുള്ള സിപിസി പുരസ്കാരം.

കാരക്റ്റർ റോളുകളിൽ ഒരു പിടി മികച്ച പ്രകടനങ്ങൾ കണ്ട 2018ൽ ഈ മാ യൗ വിലെ അയ്യപ്പനായി തിരശ്ശീലക്ക് മുന്നിലെത്തിയ, ജൂറി വോട്ടിങ്ങിലും, പ്രേക്ഷകപ്രീതിയിലും ഒരു പോലെ മുന്നിട്ട് നിന്ന വിനായകനാണ് ഈ വർഷത്തെ മികച്ച സഹനടനുള്ള സിപിസി പുരസ്കാരം.

സിനിമയിൽ വൈകി എത്തുന്ന, നായകൻ ആണോ സഹനടനാണോ എന്ന അതിരുകൾ കൃത്യമായി നിർവചിക്കാനാവാത്ത അയ്യപ്പനെന്ന കഥാപാത്രത്തെ അതിന്റെ എല്ലാ സത്യസന്ധതയോടും കൂടി വിനായകൻ സ്ക്രീനിൽ അവതരിപ്പിച്ചുവെന്ന് നിരീക്ഷിച്ച ജൂറി ,സിനിമയിലുനീളം സിനിമയുടെ മൂഡിനനുസരിച്ചു വിനായകൻ ഫ്രയിമിന് അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചതായി അഭിപ്രായപ്പെട്ടു .
ഈ മ യൗ എന്ന സിനിമയുടെ ലൈഫ് വരുന്നത് വിനായകന്റെ കഥാപാത്രം തിരശീലയിൽ വരുമ്പോൾ ആണെന്ന് വരെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു സ്ക്രീനിലെ അയാളുടെ പകർന്നാട്ടം.
തൻ്റെ സ്ക്രീൻ പ്രസൻസ് കൊണ്ടും, നോട്ടങ്ങൾ കൊണ്ടും മാത്രം നൊടിയിടയിൽ കഥപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിലെ സൈമണെന്ന കഥപാത്രത്തിൻ്റെ പ്രകടനവും ഈ വർഷം വിനായകന് ഗുണമായി.

വരത്തനിലെ വളരെ ചുരുക്കം ഡയലോഗുകളുള്ള ജിതിനെന്ന കഥാപാത്രത്തെ, വിജിലേഷ് തന്റെ ശരീര ഭാഷ കൊണ്ട് ഡിഫൈൻ ചെയ്യുന്നുണ്ടെന്ന് പ്രശംസിച്ച ജൂറി ,പ്രിയയെ ഒളിഞ്ഞ് നോക്കുന്ന രംഗത്തിൻ്റെ അവസാനമുള്ള ആ ഡയലോഗിൻ്റെ ടോണിൽ പോലും ആ കഥാപാത്രത്തെ അയാൾ കൊണ്ട് വരുന്നതായും ,അതിഭാവുകത്വം, അമിതാഭിനയം ഒന്നുമില്ലാതെ സ്ത്രീശരീരത്തെ നോട്ടത്തിലൂടെ തന്നെ ഊറ്റികുടിക്കുന്ന ഞരമ്പ് രോഗിയുടെ ശരീഭാഷയും ,ചേഷ്ടകളും വിജിലേഷ് മനോഹരമാക്കിയിട്ടുണ്ടെന്നും എടുത്ത് പറഞ്ഞു. ഐശ്വര്യയുടെ റിയാക്ഷനുകൾ സിനിമ കാണുന്നവർക്ക് അസ്വസ്‌ഥതയുണ്ടാക്കണമെങ്കിൽ ഇതിലെ voyeurism പാർട് നമ്മുക്ക് ഇഫക്ട്ടീവ് ആയി തോന്നണമെന്നിരിക്കെ ,ആ സിനിമയുടെ തന്നെ വിജയത്തിന് കാരണമായ പ്രകടനമായിരുന്നു വിജിലേഷിൻ്റേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
സിനിമക്ക് പുറത്തു പോലും ഇയാളുടെ meme കാണുന്നത് അറപ്പുളവാക്കുന്ന താരത്തിലേക്കുള്ള ഒരു പൂർണത ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന് തീർച്ചയായും അവകാശപ്പെടാം.

ഈ മ യൗ വിലെ പുരോഹിതന്റെ കഥാപാത്രമടക്കം സ്ഥിരം ശൈലിയിൽ നിന്നും മാറി മൂന്നു സിനിമകളിലും മൂന്നു രീതിയിലുള്ള മാനറിസങ്ങൾ കൊണ്ട് വന്ന ദിലീഷ് പോത്തൻ്റെ പ്രകടനം ജൂറി പ്രത്യേകം എടുത്ത് പറയുകയുണ്ടായി . ദയാഹീനനായ, സംശയരോഗിയായ, അധികാരത്തിൽ മുതലെടുക്കുന്ന കഥാപാത്രത്തെ ശരീരം മുഴുവനും എടുത്തു ഉപയോഗിച്ച് ലൗഡ് ആക്കാതെ ,പതിവ് പള്ളീലച്ചന്മാരുടെ റോളുകളിൽ നിന്ന് മാറി നിന്ന് കൊണ്ട് കഥാപാത്രത്തിന്റെ ദുഷ്‌ലാക്കുകൾ മുഖത്തും, ചെയ്യുന്ന പ്രവർത്തികളിലുമാണ് റിഫ്ലെക്ട് ചെയ്യുന്ന പ്രകടനമായാണ് ദിലീഷ് പോത്തൻ്റെ പ്രകടനത്തെ ജൂറി നിരീക്ഷിച്ചത്. അപ്രകാരം തന്നെ പ്രേക്ഷകരിൽ ദേഷ്യം ജനറേറ്റ് ചെയ്യാനും സഹായകമായിട്ടുണ്ടെന്നും ജൂറി കൂട്ടി ചേർത്തു. ‘പടയോട്ട’ത്തിലേതു വലിയ ആർക്ക് ഉള്ള കഥാപാത്രമല്ലാഞ്ഞിട്ട് കൂടി, ജോണറിനോട് ചേർന്ന് നിൽക്കുന്ന അഭിനയശൈലി കൊണ്ടുവന്നും, ‘ജോസെഫി’ൽ മേൽപ്പറഞ്ഞ രണ്ടിനേക്കാളും സർട്ടിൽ ആയ ശൈലിയാണ് സ്വീകരിച്ചു കൊണ്ടും, ഒരു കുറ്റാന്വേഷണ കഥയിലെ ഡിസ്ട്രക്ഷൻ കഥാപാത്രമായി മാത്രം ചുരുങ്ങേണ്ടിയിരുന്ന ആ റോളിനെ, നിസ്സഹായനായ ഭർത്താവെന്ന അവസ്ഥയെ നന്നായി ദിലീഷ് പ്രേസേന്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രധാന കഥാപാത്രവുമായിട്ടുള്ള ഇമോഷണൽ അടുപ്പം, സൗഹൃദം എന്നത് വളരെ തന്മയത്വമായിട്ടാണ് പ്രകടിപ്പിച്ചിരിക്കുന്നും അഭിപ്രായങ്ങൾ ഉണ്ടായി .

മജീദിൻ്റെ രണ്ടാനച്ഛൻ കഥാപാത്രത്തിൻ്റെ നിസ്സഹായതയും, പാസീവ് ആയിട്ടുള്ള സ്വഭാവവും ഒക്കെ വല്ലാത്ത അനുഭവമുണ്ടാക്കുന്ന വിധത്തിൽ കെടിസി അബ്ദുള്ള അഭിനയിച്ച് ഫലിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ട ജൂറി. അവസാനത്തെ സീനിൽ lump in the throat വികാരം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ രൂപവും ആ ബൊഡിലാങ്ഗ്വേജും ഒക്കെ അതിന് സഹായിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ചു. പ്രേക്ഷകവോട്ടിങ്ങിൽ രണ്ടാമത് എത്തിയതും ശ്രീ കെടിസി അബ്ദുള്ളയായിരുന്നു.
ഓഡിയൻസ് പൊളിൽ ശക്തമായ സാന്നിധ്യമായി മാറിയ, ഷറഫുദ്ദീൻ വരത്തൻ സിനിമയിൽ കൈകാര്യം ചെയ്ത വേഷവും 2018ലെ എടുത്തു പറയേണ്ട പ്രകടനങ്ങളിൽ ഒന്നായി ജൂറി വിലയിരുത്തി.

ഈശിയെ ശകാരിച്ചും, കൂടെ നിർത്തിയും, ഉത്തരവാദിത്വമുള്ള ഒരു മെമ്പർ ആയും , ഒരു വേള എല്ലാം തകർന്ന് പോയ മനുഷ്യനായും ,ഈ മ യൗവിൻ്റെയും, ഈശിയുടെയും താങ്ങായി നിലനിന്ന മെമ്പർ അയ്യപ്പനെ, തൻ്റെ മുൻ സിനിമകളുടെ ബാധ്യതകളൊന്നുമില്ലാതെ അഭിനയിച്ച് ഫലിപ്പിച്ച വിനായകനാണ് സിപിസി സിനി അവാർഡ്‌സ് 2018ലെ ബെസ്റ്റ് ആക്റ്റർ ഇൻ എ ക്യാരക്ടർ റോൾ അവാർഡ്.

സിപിസി സിനി അവാർഡ്സിലെ ഈ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയ “മുഹ്സിൻ പരാരി- സക്കറിയ” ജോഡികൾക്കാണ്.

കൃത്യമായ അതിരുകൾ വരച്ചിടാൻ പലപ്പോഴും പാടുപ്പെടുന്ന ഒരു കാലഘട്ടത്തിലേക്ക് നിരീക്ഷണത്തിന്റെ ആഴം കൊണ്ടും, തീമാറ്റിക്ക് മെറിറ്റ് കൊണ്ടും വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു തിരക്കഥയൊരുക്കാൻ സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥാകൃത്തുക്കൾക്കായി. നരേറ്റീവും സംഭാഷണവുമടക്കം സിനിമ തങ്ങളുടെ പ്രേക്ഷകരുമായി വൈകാരികമായും സത്യസന്ധമായും സംവദിക്കാൻ കാരണം, വിവിധ ജോണറുകളുടെ (സ്പോർട്സ്, ത്രില്ലർ, ഡ്രാമ) അംശം പേറിക്കൊണ്ട് തന്നെ ഒരു മൾട്ടിലെയേർഡ് പ്ലോട്ട് തീരെ കൃത്രിമത്വം തോന്നാതെ വാർത്തെടുക്കാൻ കഴിഞ്ഞ മുഹ്സിൻ-സക്കറിയ ടീമിന്റെ കഴിവ് തന്നെയാണ്. സിനിമയുടെ ദൃശ്യഭാഷയെ പരിഗണിക്കുന്ന, അതിന് വേണ്ടി തയ്യാറാക്കിയ ഒരു തിരക്കഥ ആയിക്കൊണ്ടുതന്നെ മിനിമലായി കാര്യങ്ങൾ പറഞ്ഞ് പോവുന്നതും, കോൺഫ്ലിക്റ്റുകളെ വളരെ സ്വാഭാവികമായി കൈകാര്യം ചെയുന്നതും നമുക്ക് കാണാം.

കഥാപാത്രങ്ങൾ, അന്തരീക്ഷം, തീം എല്ലാം സമന്വയിപ്പിച്ച് ഒരു സെൻട്രൽ ഫോക്കസിലേക്ക് കൊണ്ട് വന്ന് ഒരാളുടെ പാഥോസിലേക്ക് എത്തിക്കാൻ ‘ഈ.മ.യൗ’വിൽ പി എഫ് മാത്യൂസിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞു. ബിൽഡ് അപ്പിൽ ഉണ്ടായിരുന്ന ചെറുകൃത്രിമതകൾ ഒഴിച്ചാൽ, ഈ.മ.യൗ.വിലെ ഒരോ കഥാപാത്രവും ഓരോ അച്ചിലാണ് വാർത്തതെന്ന് തോന്നിക്കും വിധം വ്യത്യസ്തമായിരുന്നു. മരണത്തിലൂടെ ജീവിതത്തെ/സമൂഹത്തെ/മനുഷ്യനെ വായിച്ചെടുക്കുന്ന ആഖ്യാന സാമര്‍ത്ഥ്യം ഈ.മ.യൗവിന്റെ രചനയിലുണ്ട്. ചെല്ലാനത്തെ തീരജീവിതം, സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതം മരണത്തിലും മനുഷ്യരെ ക്രൂശിക്കുന്ന വിധം തുടങ്ങി ബ്ലാക്ക് ഹ്യൂമറിന്റെ സാധ്യതകളെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയ തിരക്കഥയാണ് ശ്രീ പി എഫ് മാത്യൂസിന്റേത്. വളരെ rooted ആയ കഥാപാത്രങ്ങളുടെ കഥ പറയുമ്പോഴും ഭ്രമകല്പനകള്‍ക്കുള്ള ഇടം കൂടി കണ്ടെത്തുന്ന ആ എഴുത്തിന്റെ മികവ് മാനിക്കേണ്ടതുണ്ട്

തൊണ്ണൂറുകളിലെ മലയാള സിനിമകളെ ഓർമ്മിപ്പിക്കുന്ന ഘടന പിന്തുടരുന്ന തിരക്കഥയാണ് ജോസഫിന്റേതെങ്കിൽ കൂടി, അതിഭാവുകത്വവും മെലോഡ്രാമയും കഴിവതും ഒഴിവാക്കാൻ കഴിഞ്ഞതായി ശ്രദ്ധിക്കപ്പെട്ടു. ലോജിക്കൽ ഫ്ലോയും, പാളിച്ചകളും ഉണ്ടെങ്കിൽ കൂടി ഷാഹി കബീറിന്റെ തിരക്കഥ കേന്ദ്ര കഥാപാത്രത്തെയും അയാളുടെ ജീവിതയാത്രയെയും വൃത്തിയോടെ വരച്ചുകാട്ടി. മലയാള സിനിമക്ക് പരിചിതമല്ലാത്തൊരു പരിചരണവും, മികവാർന്നൊരു പ്ലോട്ടും കമ്മാരസംഭവത്തിലൂടെ മുരളി ഗോപിയ്ക്ക് നൽകാനായി. പലപ്പോഴും കെട്ടുറപ്പ് കൈവിട്ടു പോയതും, തിരക്കഥയുടെ യുക്തിയോട്ട് മല്ലിട്ട വൈകാരികതയുമാണ് കമ്മാരസംഭവത്തിന് ബാദ്ധ്യത ആയത്. തന്റെ കേന്ദ്ര കഥാപാത്രത്തിനെ വൃത്തിയായി പ്രതിഷ്ഠിച്ച് അതിലൂടെ പ്ലോട്ടിലേക്ക് എത്താൻ വേണുവിന്റെ ‘കാർബണിന്’ ആയെങ്കിലും, സെക്കന്റ് ആക്ടിൽ അത് പാളിപ്പോയതാണ് സിനിമയ്ക്ക് വിനയായത്.

രണ്ട് വൻകരകളിൽ ജീവിച്ചു പോരാടുന്ന രണ്ട് മനുഷ്യരുടെ കിനാവും കണ്ണീരും ഫുട്ബോളിന്റെ ഇതിവൃത്തത്തിൽ നൈസർഗികമായി പറഞ്ഞ സുഡാനിക്ക് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള ഈ വർഷത്തെ സിപിസി പുരസ്കാരം.