തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പ്രവീണ്‍ പിടിയിലായി. തമ്ബാനൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍.എസ്.എസ് ജില്ലാ പ്രചാരകാണ് പ്രവീണ്‍.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ഇയാള്‍ ബോംബെറിഞ്ഞത്.സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായില്ല എന്ന് പോലീസിന് നേരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ഒളിവില്‍ കഴിയുന്ന പ്രവീണിനെ പിടികൂടാനായി പ്രത്യേക സംഘങ്ങളായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അതിനിടെ ഇയാള്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഹര്‍ത്താലിനിടെ സി.പി.എം – ബി.ജെ.പി സംഘര്‍ഷമുണ്ടായതിനിടെയാണ് പോലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ നാലു തവണ ബോംബെറിഞ്ഞത്. ഇയാളെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

പ്രവീണ്‍ ബോംബെറിയുന്ന ദൃശ്യം സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.