തിരുവനന്തപുരം: തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തുന്നത്.

പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 മാത്രം ഒതുങ്ങിയിരുന്നു. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. മാത്രമല്ല, അതില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി കൂടി സംബന്ധിച്ചുള്ള ചര്‍ച്ചയിലൂടെ മുഴുവന്‍ അര്‍ഹരെയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാനോ ചര്‍ച്ച നടത്താനോ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.