എഴുത്ത് : കവിത

ഇതെന്താണ് ചുവന്ന സാരി
ചോര ചുവപ്പ്

ഹേയ്…
ചെമ്പരത്തി ചുവപ്പാണ്

പൊട്ടും ചുവപ്പ്
അതും ചെമ്പരത്തി
ചുവപ്പായിരിക്കും…

ഹേയ്…
ഇത് ചോര ചുവപ്പാണ്…

ചുവപ്പിനും
വക ഭേദങ്ങളുണ്ടോ
പുച്ഛം കലർന്ന ചിരിയോടെ
അവൻ ചോദിച്ചു….

നിങ്ങളുടെ
ഇഷ്ടത്തിന് വക ഭേദങ്ങളില്ലേ
അതെ പുച്ഛ ചിരിയോടെ
അവൾ ചോദിച്ചു….

അവനൊന്നു പരുങ്ങി
ഫോൺ ഡിസ്‌പ്ലേയിൽ തെളിഞ്ഞ
ഭാര്യയുടെയും കുഞ്ഞിന്റെയും
ഫോട്ടോ….
ഫോണിന്റെ മറുപുറത്ത് ഭാര്യയാണ്…
സൈലന്റ് ആക്കി
ഡിസ്പ്ലേ ഓഫ്‌ ആക്കി

അവൾ ചുവന്ന പൊട്ട് ഒന്നുകൂടി
ചൂണ്ടു വിരൽ കൊണ്ടുറപ്പിച്ചു..

സാരി ഉലഞ്ഞിട്ടില്ലെന്ന്
ഉറപ്പാക്കി….
അല്പം ഞാന്നു കിടന്ന വയറിന്റെ ഭാഗത്തെ
സാരി ശരിയാക്കി….

നെറ്റിയിലേക്ക് വീണു കിടന്ന
കുറുനിരകൾ മാടി ഒതുക്കി

അവൻ മേശമേൽ വെച്ചിരുന്ന
നോട്ടുകൾ
എണ്ണി തിട്ടപ്പെടുത്താൻ മിനക്കെടാതെ
ഹാൻഡ് ബാഗിനുള്ളിൽ
സുരക്ഷിതമായി വെച്ചു….

നമ്മൾ തമ്മിൽ
കണ്ടിട്ടില്ലെന്ന അവന്റെ ഓർമ്മപ്പെടുത്തൽ….

മുഖത്ത് നോക്കി ഒന്ന് ചിരിച്ചു

റൂമിന്റെ വാതിൽ തുറന്നു
ലോഡ്ജിന്റെ ഇടുങ്ങിയ വഴിയിലൂടെ
പിന്നെയും പകലിന്റെ തിരക്കിലേക്ക്….

ഇഴഞ്ഞും പാഞ്ഞും
പോകുന്ന നഗരത്തിന്റെ
യൗവനത്തിലേക്ക്
പിന്നെയും ചുവപ്പിന്റെ
നിഴലാട്ടവുമായി
ഒരുവൾ…..
പേരില്ലാത്തവൾ….

രാത്രികളിൽ
മുഖമില്ലാതാകുന്നവൾ.. ..