ന്യൂഡല്‍ഹി : ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വനാവകാശ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 24ന് മുമ്ബ് ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഈ മാസം 13 കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല.

വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്.  സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരും.

കേരളത്തില്‍ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിരുന്നു.