തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തുമെന്ന് കെപിസിസി. വയനാട്ടില്‍ ടി സിദ്ധീക്കിനെയാണ് മുന്‍പ് പ്രഖ്യാപിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിദ്ധീക്ക് പിന്‍മാറുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സീറ്റ് തെളിയുകയാണ്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ പല നേതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കെപിസിസിയും അതേ ആവശ്യമാണ് ഉന്നയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാനാണ് രാഹുല്‍ ഗാന്ധിക്കും താല്‍പര്യമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ ആവശ്യം തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരിക്കുന്നത്. ഘടകക്ഷികളും സമ്മതം മൂളിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ ഇനി രാഹുല്‍ ഗാന്ധിയുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല അറിയിച്ചു.