തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ഓട്ടോ കാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണക്കരാര്‍ ലഭിച്ചു. ഉത്തര റെയില്‍വേയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിന് ട്രെയിന്‍ ബോഗി നിര്‍മ്മാണക്കരാര്‍ ലഭിക്കുന്നത്. ടെണ്ടറില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ലഭിച്ചതും ആദ്യമായാണ്. ഓട്ടോ കാസ്റ്റ് നിര്‍മ്മിച്ച മാതൃകാ ബോഗി ഉത്തര റെയില്‍വേ അംഗീകരിച്ചു. പ്രാഥമിക വിലയിരുത്തലില്‍ ബോഗി നിര്‍മ്മിച്ചു നല്‍കാന്‍ ഓട്ടോ കാസ്റ്റിന് കഴിയുമെന്ന വിലയിരുത്തലിലാണ് ഓര്‍ഡര്‍ നല്‍കിയത്. ഇതോടെ ഓട്ടോ കാസ്റ്റ് കോടികളുടെ ലാഭം നേടുമെന്ന് ഉറപ്പായി. കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭിക്കുന്നതിനുള്ള സാഹചര്യവും ഒരുങ്ങി. സംസ്ഥാന വ്യവസായ വകുപ്പിന് തുടര്‍ച്ചയായി ലഭിക്കുന്ന അംഗീകാരങ്ങളില്‍ അവസാനത്തേതാണ് ഓട്ടോ കാസ്റ്റിന് ലഭിച്ച ഓര്‍ഡര്‍. ഇ ഓട്ടോ നിര്‍മ്മിക്കുതിന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി കെഎഎല്ലിന് ലഭിച്ചിരുന്നു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡ് സഹകരണത്തോടെ കെഎസ്‌ആര്‍ടിസിക്ക് ഇ ബസ് നിര്‍മ്മിക്കുതിനുള്ള സമ്മതപത്ര കൈമാറ്റവും നടന്നു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് എട്ട് വിദേശ രാജ്യങ്ങളിലേയ്ക്ക് മരുന്നു കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതിയും കഴിഞ്ഞ ആഴ്ച ലഭിച്ചിരുന്നു. 
ഉത്തര റെയില്‍വെയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത ഓട്ടോകാസ്റ്റ് ആണ് ഏറ്റവും കുറഞ്ഞ തുക നല്‍കിയത്. ഈ മേഖലയിലെ സാങ്കേതികപരിജ്ഞാനമുള്ള പരിചയസമ്ബരെ പിന്നിലാക്കിയാണ് ഓട്ടോകാസ്റ്റിന്റെ നേട്ടം. തുടക്കക്കാര്‍ എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ ടെണ്ടറില്‍ സൂചിപ്പിച്ചതില്‍ അഞ്ച് ശതമാനം ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ മാത്രമേ ഓട്ടോകാസ്റ്റിനു ലഭിക്കൂ. റെയില്‍വെ നിശ്ചയിച്ച നിലവാരത്തില്‍ ബോഗി നിര്‍മ്മിച്ചു നല്‍കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ യോഗ്യത നേടുമ്ബോള്‍ 20 ശതമാനം ബോഗികള്‍ നിര്‍മ്മിക്കാം. അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് ഒന്നാമതെത്തുമ്ബോള്‍ ടെന്‍ഡറില്‍ പറയുന്ന മുഴുവന്‍ ബോഗികളും നിര്‍മ്മിക്കാന്‍ യോഗ്യതയുണ്ടാകും. 
ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ കാസ്നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഉത്തര റെയില്‍വെയിലെ ഉന്നതരുമായി ഓട്ടോകാസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ എ. ശ്യാമള കൂടിക്കാഴ്ച നടത്തി. ബോഗി നിര്‍മ്മാണ ആവശ്യം വര്‍ദ്ധിച്ചുവരികയാണെന്നും ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ഓട്ടോകാസ്റ്റിനെ കാര്യമായി പരിഗണിക്കുമെന്നും ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചതായി എ. ശ്യാമള വ്യക്തമാക്കി. 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്ഥാപനം പിണറായി വിജയന്‍ സര്‍ക്കാരിനു കീഴില്‍ ഉയിര്‍ത്തെഴുല്‍േക്കുകയാണ്. വ്യവസായ വകുപ്പ് സ്വീകരിച്ച ക്രിയാത്മക നടപടികളാണ് ഓട്ടോകാസ്റ്റിന്റെ ശക്തമായ തിരിച്ചുവരവിനു പിന്നില്‍. ഈ സര്‍ക്കാര്‍ വന്ന ശേഷം കമ്ബനിയുടെ നവീകരണത്തിനായി 40 കോടി രൂപ അനുവദിച്ചു. 1983 നു ശേഷം നഷ്ടത്തിലായിരുന്ന സ്ഥാപനം രണ്ടു മാസത്തിനകം ലാഭത്തിലെത്തുമെന്ന് ചെയര്‍മാന്‍ കെ.എസ.് പ്രദീപ് കുമാര്‍ പറഞ്ഞു. 
റെയില്‍വേയുടെ ഗുണ നിലവാര പരിശോധനാ വിഭാഗമായ റിസര്‍ച്ച്‌ ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷെന്റ (ആര്‍ഡിഎസ്‌ഒ) ക്ലാസ് എ ഫൗണ്ടറി അംഗീകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഓട്ടോകാസ്റ്റ് നേടിയിരുന്നു. 
ഇതോടെ, ഇന്ത്യന്‍ റെയില്‍വേക്കാവശ്യമായ ബോഗികള്‍, കപ്ലര്‍, ബഫര്‍ഫ്ളാഞ്ച് എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. പുതിയ ബോഗി നിര്‍മ്മിക്കാനായി ആര്‍ഡിഎസ്‌ഒയുടെ ലക്നൗ കേന്ദ്രത്തില്‍ നിന്നാണ് ഡിസൈന്‍ ശേഖരിക്കുക.