ഐ‌.പി.‌എല്‍ ഉള്‍പ്പെടെ എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ അമ്ബാട്ടി റായിഡു. ലോകകപ്പിനിടെ പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ തിരഞ്ഞെടുത്ത തീരുമാനത്തിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പിനുള്ള പകരക്കാരുടെ പട്ടികയില്‍ റായിഡു ഉള്‍പ്പെട്ടിരുന്നു. ലോകക്കപ്പിനിടെ ശിഖര്‍ ധവാനും ശങ്കറിനും പരിക്കേറ്റെങ്കിലും റിഷഭ് പന്തിനെയും അഗര്‍വാളിനെയുമാണ് ടീമിലേക്ക് വിളിച്ചത്.

ഐ.പി.എല്ലില്‍ ചെന്നൈക്കായി പുറത്തെടുത്ത മികവാണ് റായിഡു വീണ്ടും നീലക്കുപ്പായത്തിലെത്താന്‍ കാരണായത്. ലോകകപ്പില്‍ നാലാം നമ്ബറില്‍ റായിഡു ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പകരക്കാരുടെ ലിസ്റ്റില്‍ എത്താനേ സാധിച്ചുളളു.

55 ഏകദിനങ്ങളില്‍ മൂന്ന് സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വറികളുമായി 47.05 ശരാശരിയില്‍ റായുഡു 1694 റണ്‍സ് നേടിയിട്ടുണ്ട്. ആറ് ട്വന്‍റി20 മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയ അദ്ദേഹം 42 റണ്‍സ് നേടി. എന്നാല്‍ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ റായുഡിന് ഒരിക്കലും അവസരം ലഭിച്ചില്ല.

2013 ല്‍ സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റായുഡു ഈ വര്‍ഷം റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായണ് അവസാന ഏകദിനം കളിച്ചത്. ഏകദിനത്തിലും ട്വന്‍റി20യിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി റായുഡു കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 17 വര്‍ഷത്തെ ഫസ്റ്റ് ക്ലാസ് കരിയറില്‍ 97 കളികളില്‍ നിന്ന് 6151 റണ്‍സ് റായുഡു നേടിയിരുന്നു.