ന്യൂഡല്‍ഹി: 1, 2, 5, 10, 20 രൂപ നാണയങ്ങള്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. 2019 മാര്‍ച്ച്‌ ഏഴിന് പ്രധാമന്ത്രി നരേന്ദ്ര മോദി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇത്രമാസമായിട്ടും ഇവ വിനിമയത്തിനായി ജനങ്ങളില്‍ എത്തിയിരുന്നില്ല. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളാണ് ഇരുപത് രൂപ നാണയത്തിനുള്ളത്.

27 മില്ലിമീറ്റര്‍ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം.
1, 2, 5, 10 രൂപ നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്.

പത്ത് രൂപയുടെ നാണയം പുറത്തിറക്കി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നത്.

ദേശീയ ഡിസൈന്‍ കേന്ദ്രം (എന്‍.ഐ.ഡി.), സെക്യൂരിറ്റി പ്രിന്‍റി൦ഗ് ആന്‍ഡ് മിന്‍റി൦ഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

ചെറിയ തുകയില്‍നിന്ന് വലുതിലേക്ക് പോകുമ്ബോള്‍ വലിപ്പവും ഭാരവും കൂടുതലാകും‌. അന്ധര്‍ക്ക് എളുപ്പം മനസ്സിലാക്കാനാണ് മൂല്യം കൂടുന്തോറും ഭാരവും വലിപ്പവും കൂട്ടുന്ന പുതിയ രീതി അവലംബിച്ചത്.