മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നുവന്നിരുന്ന മാമാങ്കം പറയുന്നത് വള്ളുവനാടിന്റെ ചരിത്രമാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ യുവതാരം ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രാചി തെഹ്‌ലാന്‍ ആണ് പോസ്‌റ്ററിലെ ശ്രദ്ധേയ സാന്നിധ്യം.

ചിത്രത്തിലെ രണ്ടാമത്തെ പോസ്‌റ്ററാണിത്. ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്ബതു കോടിയോളം രൂപ മുടക്കിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് സൂചന.

നവാഗതനായ സജീവ് പിള്ളയായിരുന്നു മാമാങ്കത്തിന്റെ സംവിധാനം ആദ്യം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാതാവുമായുള്ള ആശയക്കുഴപ്പത്തിന്റെ പേരില്‍ സജീവ് പിള്ളയെ ഒഴിവാക്കുകയായിരുന്നു. പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്ന ധ്രുവനെയും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലേക്ക് എത്തപ്പെട്ടത്. പദ്‌മകുമാറാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍.