ചരിത്ര കഥാപാത്രമായ കുഞ്ഞാലിമരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ : അറബിക്കടലിലെ സിംഹം’ എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി ടി.പി രാജീവന്‍ രംഗത്ത്. തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദര്‍ശന്‍ കുഞ്ഞാലിമരയ്ക്കാര്‍ ചെയ്തത് എന്നാണ് ടി.പി രാജീവന്റെ ആരോപണം. വര്‍ഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ താന്‍ എഴുതിയ കുഞ്ഞാലി മരക്കാരുടെ തിരക്കഥ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാമെന്നേറ്റ് ആദ്യമായി മുന്നോട്ടു വന്നത് സംവിധായകന്‍ ജയരാജ് ആയിരുന്നു. തിരക്കഥ വായിച്ച്‌ ലാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. രാജീവ് രവിയും അമല്‍ നീരദും ഓഗസ്റ്റ് സിനിമാസും അടക്കം പലരും ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറാവുകയും മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും അതിന് തുടര്‍നടപടികള്‍ ആയില്ല. പിന്നീടാണ് പ്രിയദര്‍ശന്‍ രാജാവിനെ സമീപിച്ച്‌ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാമെന്ന് പറഞ്ഞു വരുന്നത് എന്ന് രാജീവന്‍ വ്യക്തമാക്കുന്നു.തിരക്കഥ സംഭാഷണം ടി.പി രാജീവന്‍ എന്ന് വയ്ക്കും. പ്രിയദര്‍ശന്റെ മറ്റു എല്ലാ സിനിമകളെയും പോലെ കഥ പ്രിയദര്‍ശന്റേതാവുമെന്നും പറഞ്ഞു. പക്ഷേ തനിക്ക് അത് സ്വീകാര്യമല്ല എന്ന് പറഞ്ഞ് പ്രിയദര്‍ശനെ താന്‍ മടക്കി അയച്ചുവെന്ന് ടി.പി രാജീവന്‍ പറയുന്നു. പിന്നീട് പ്രിയദര്‍ശന്‍ സിനിമയുമായി മുന്നോട്ടു പോകുന്ന വിവരമാണ് കിട്ടിയത്. വ്യക്തമായ ഗൂഢാലോചനയും ചതിയുമാണ് നടന്നത് എന്നും ടിപി രാജീവന്‍ ആരോപിക്കുന്നു.

തന്റെ തിരക്കഥ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ അടുത്ത ദിവസം ഡിസി ബുക്സ് പുറത്തിറക്കുമെന്നും ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്‌ മറ്റു നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ടി. പി രാജീവന്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിക്കുന്നു. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ ആവുന്ന മരയ്ക്കാര്‍ : അറബിക്കടലിലെ സിംഹം ഷൂട്ടിംഗ് തീര്‍ന്നു ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഈ വര്‍ഷം അവസാനം ബ്രഹ്മാണ്ട റിലീസായി പ്ലാന്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ഈ മോഷണ ആരോപണം വിലങ്ങുതടി ആകുമോ എന്നാണ് ആരാധകരുടെ സംശയം.