ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അസംഖാന്‍ മാപ്പുപറഞ്ഞു. രമാദേവിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിഷയത്തില്‍ രമാദേവിയോട് മാപ്പുപറയുന്നതായും അസംഖാന്‍ പറഞ്ഞു. എന്നാല്‍ മാപ്പു സ്വീകരിക്കില്ലെന്ന് രമാദേവി തിരിച്ചുപറഞ്ഞു.

തനിക്കുനേരെയുള്ള അശ്ലീല പരമാര്‍ശത്തിനു അസം ഖാന്‍ മാപ്പു പറഞ്ഞാലും ക്ഷമിക്കാന്‍ തനിക്കാവില്ലെന്ന് രമാദേവി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ രാഷ്ട്രീയ ഭേദമന്യേ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. സ്പീക്കറും വിഷയത്തില്‍ ഇടപെട്ട് മാപ്പുപറയാന്‍ ആജ്ഞാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത്.

കഴിഞ്ഞ ദിവസം മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന ബി.ജെ.പി എം.പി രമാ ദേവിയോട് അസംഖാന്‍ മോശമായി സംസാരിച്ചത്.