പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കാന്‍ ഉറപ്പിച്ചു തന്നെയാണ് ഇത്തവണ കാളിദാസ് ജയറാം എത്തുന്നത്. കാളിദാസ് നായകനാകുന്ന പുതിയ ചിത്രം ഹാപ്പി സര്‍ദ്ദാര്‍ ഒരു മുഴിനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രണയം പശ്ചാത്തലമാക്കി സുധീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഓരോ സിനിമയിലും വ്യത്യസ്ത ലുക്കും ഗെറ്റപ്പും കൊണ്ട് ഇതിനോടകം കാളിദാസ് പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഹാപ്പി സര്‍ദ്ദാറില്‍ ഒരു സര്‍ദ്ദാറിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മെറിന്‍ ഫിലിപ്പാണ് കാളിദാസിന്റെ നായികയായെത്തുന്നത്. ഹാരിഷ് കണാരന്‍, ശ്രീനാഥ് ഭാസി, ശാന്തി കൃഷ്ണ, പ്രവീണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ബോളിവുഡ് നടന്‍ ജാവേദ് ജാഫറി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അഭിനന്ദ് രാമാനുജനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.