അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ജയറാം നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അല്ലു അര്‍ജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്‌, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വൈറല്‍ ആയിരുന്നു. എന്നാല്‍ ആ ഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്നും അദ്ദേഹം അതിന് മറുപടിയായി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നു.

‘ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച്‌ കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയറാം പറയുന്നു.