ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കള്‍ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സുഷമ സ്വരാജിന്‍റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിക്ക് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന സുഷമ സ്വരാജ് മികച്ച രാഷ്ട്രീയനേതാവും പാര്‍ലമെന്‍റേറിയനും ആയിരുന്നെന്നും രാഹുല്‍ അനുസ്മരിച്ചു.

സുഷമ സ്വരാജിന്‍റെ വിയോഗവാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയും കുറിച്ചു. ഈ രാജ്യത്തെ സ്ത്രീകളെ അവര്‍ പ്രചോദിപ്പിച്ചു. അവരുടെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നെന്നും ജഗന്‍ മോഹന്‍ റെഡ്ഡി കുറിച്ചു.

ഇന്ത്യയ്ക്ക് മഹത്തായ ഒരു നേതാവിനെ നഷ്ടമായെന്ന് അരവിന്ദ് കെജ്രിവാള്‍ കുറിച്ചു. സവിശേഷമായ വ്യക്തിത്വത്തിന് ഉടമായിരുന്നു സുഷമ ജി എന്നും അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രഗത്ഭയായ പ്രഭാഷകയായിരുന്നു സുഷമാ സ്വരാജെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അനുസ്മരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനിടയിലാണ് സുഷമാ സ്വരാജിനെ അവസാനമായി കണ്ടത്. സര്‍ക്കാരിന്റെ ജനകീയമായ മുഖമായിരുന്നു അവരെന്നും ശശി തരൂര്‍ പറഞ്ഞു.

സുഷമ സ്വരാജിന്‍റെ വിയോഗം വേദനയും സങ്കടവുമാണെന്ന് അരുണ്‍ ജെയ്റ്റ്ലി കുറിച്ചു. വര്‍ത്തമാന കാലഘട്ടത്തിലെ മികച്ച വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു സുഷമ സ്വരാജ് എന്ന് അരുണ്‍ ജെയ്റ്റ്ലി കുറിച്ചു. നികത്താനാവാത്ത നഷ്ടമാണ് അവരുടേതെന്നും ജെയ്റ്റിലി കുറിച്ചു.