തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസംകൂടി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഇന്നും നാളെയും കനത്ത മഴ പെയ്യാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു . 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു .

ഒമ്ബതാം തിയതി മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യും.

10-ാം തിയതി മഴയുടെ ശക്തി അല്‍പം കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.