കൊച്ചി: സംസ്ഥാനത്തെങ്ങും കനത്ത മഴ. അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച്‌ കനത്ത മഴ തുടരുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂര്‍, നിലമ്ബൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. നിലമ്ബൂരിലേക്കും ഇടുക്കിയിലേക്കും ദുരന്തപ്രതികരണസേനയെ അയയ്ക്കും. മഴ കനത്തതോടെ മലങ്കര, ഭൂതത്താന്‍കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നിട്ടുണ്ട്. മലങ്കര ഡാമിന്റെ 6 ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു കാരണം ഷട്ടറുകള്‍ ഘട്ടംഘട്ടമായി 50 സെമീ വരെ ഉയര്‍ത്തുന്നതായിരിക്കുമെന്ന് അറിയിച്ചു. നിലമ്ബൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. പമ്ബയാറും അച്ചന്‍കോവിലാറും കരകവിയാറായിട്ടുണ്ട്‌. മഴക്കെടുതികളെ തുടര്‍ന്ന് സൈലന്റ് വാലി ദേശീയേ‍ാദ്യാനത്തില്‍ സന്ദര്‍ശനം നിരേ‍ാധിച്ചു. മരങ്ങള്‍ കടപുഴകി ഒഴുകി വരുന്നു. റാന്നി കോസ് വെ കവിഞ്ഞൊഴുകുന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു സര്‍വീസ് റദ്ദാക്കി. പുലര്‍ച്ചെ 4.30ന് ഇറങ്ങേണ്ടിയിരുന്ന ബഹ്റൈന്‍ – കോഴിക്കോട് ഗള്‍ഫ് എയര്‍ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 6.30ന് കോഴിക്കോട്ടെത്തി 7ന് ബഹ്റൈനിലേക്കു പോയി. പുലര്‍ച്ചെ 4.45ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി – കോഴിക്കോട് എത്തിഹാദ് വിമാനം കോയമ്ബത്തൂരിലേക്ക് തിരിച്ചുവിട്ടു. 9.15ന് തിരികെ കോഴിക്കോട്ടെത്തി. ഈ വിമാനത്തിന്റെ കോഴിക്കോട് – അബുദാബി സര്‍വീസ് റദ്ദാക്കി. നാളെ പുലര്‍ച്ചെ അബുദബിയിലേക്ക് തിരിക്കും. 10.55ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം – കോഴിക്കോട് – ദോഹ വിമാനം കൊച്ചിയിലേക്കു വിട്ടു.