വയനാട്‌ : കാസര്‍കോടും വയനാടും പാലക്കാടും കനത്ത മഴ തുടരുകയാണ്‌. ഇന്നലെ ഉരുള്‍പ്പെട്ടലുണ്ടായ പ്രദേശത്തേക്ക്‌ എത്തിചേരാന്‍ സുരക്ഷാസേനക്കായിട്ടില്ല. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പാട്ടലില്‍ കാണാതായവരെ ഇനിയും കണ്ടെത്തതാനായിട്ടില്ല. കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. 

വയനാട്‌ പുത്തുമലയില്‍ വീണ്ടും മണ്ണിടിഞ്ഞു. കള്ളാടിയില്‍ മണ്ണിടിഞ്ഞതിനാല്‍ പുത്തുമലയിലേക്ക്‌ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ എത്തിചേരാനായിട്ടില്ല. ജെസിബി പോലുള്ളവ എത്തിച്ചാല്‍ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും നടക്കുകയുള്ളൂവെന്ന്‌ രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു. പയ്യന്നൂരില്‍ വെള്ളക്കെട്ടില്‍വീണ്‌ ഒരാള്‍ മരിച്ചു. പയ്യന്നൂര്‍ കോറോം മുതിയലം കൃഷ്‌ണന്‍ ആണ്‌ മരിച്ചത്‌.

ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാം തുറക്കേണ്ടിവന്നേക്കും. അതേസമയം ബാണാസുരസാഗര്‍ ഡാമില്‍ വെള്ളമുയര്‍ന്നാല്‍ കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാല്‍ ഇന്ന്‌ രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 3 മുതല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇതോടെ കരമാന്‍ തോടിലെ ജലനിരപ്പ് ഉയരാം. ഇരു കരകളിലും ഉള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 

അട്ടപ്പാടിയില്‍ പാലങ്ങള്‍ തകര്‍ന്നതോടെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അപ്പര്‍ ഭവാനി അണക്കെട്ട്‌ ഇന്ന്‌ രാവിലെ 11മണിയോടെ തുറന്നേക്കും . ഭവാനിപ്പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാണം.