ബെംഗളൂരു:  ബുധനാഴ്ച്ച പുലര്‍ച്ചെ 2:21ന് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പുലര്‍ച്ചെയാണ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച്‌ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റിയത്. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചു.

ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള കുതിപ്പിന് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്നാണ് പറയുന്നത്. ‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ആഗസ്റ്റ് 20 മുതല്‍ പേടകം ചന്ദ്രനെ ചുറ്റാന്‍ തുടങ്ങും. പിന്നീട് പതുക്കെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥം ചുരുക്കികൊണ്ടുവരും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. ശേഷം ചന്ദ്രയാന്‍-2ലെ യന്ത്രം ജ്വലിപ്പിച്ച്‌ ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. 

തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തുമ്ബോള്‍ പേടകത്തിലെ ലാന്‍ഡറും റോവറുമടങ്ങുന്ന ഭാഗങ്ങള്‍ ചന്ദ്രഉപരിതലത്തില്‍ എത്തും. അതിനുശേഷമാണ് സെപ്റ്റംബര്‍ 7ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍-2ന്റെ ഇറക്കം. ‘സോഫ്റ്റ് ലാന്‍ഡിങ്’ സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ‘ലാന്‍ഡറി’ല്‍നിന്നു ‘റോവര്‍’ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച്‌ ഗവേഷണം നടത്തും. 

3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍-2മായി ‘ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്’ റോക്കറ്റ് ജൂലായ് 22നാണ് ശ്രീഹരിക്കോട്ടയില്‍നിന്നു കുതിച്ചുയര്‍ന്നത്. ഇതിനിടയില്‍ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി.