തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍. ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപയും ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.

കെഎം ബഷീറിന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആ നല്‍കിയ വാഗ്ദാനം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അമിതവേഗതിയിലാണ് പാഞ്ഞത്.

നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാര്‍ ബഷീറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ അത് തെളിയിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ ശ്രീറാമിന് ജാമ്യം ലഭിച്ചത്.