മുരളി തുമ്മാരുകുടി എഴുതുന്നു

മൃഗങ്ങൾ ദുരന്തം പ്രവചിക്കുമോ, ഈ വിഷയത്തിലെ ശാസ്ത്രം എന്താണ് ?

ലോകത്തിൽ പലയിടത്തും ദുരന്തങ്ങൾക്ക് ശേഷം ഇത്തരം വാർത്തകൾ വരാറുണ്ട്. ഇവ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടുമുണ്ട്. പക്ഷെ ഇക്കാര്യത്തിൽ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പഠനങ്ങൾ ലഭ്യമല്ല. പ്രായോഗികമായി ഇക്കാര്യത്തിന് ഒരു ഉപയോഗവുമില്ല താനും.

മനുഷ്യൻ കേൾക്കാത്ത ശബ്ദവും മനുഷ്യർക്ക് മനസ്സിലാകാത്ത തരത്തിലുള്ള പ്രകന്പനങ്ങളും മൃഗങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയേക്കും എന്നതിൽ അശാസ്ത്രീയമായി ഒന്നുമില്ല. എന്നാൽ ഈ ശക്തികൾ ദുരന്തത്തെ മുൻകൂട്ടി കാണുന്നതിന് മൃഗങ്ങളെ സഹായിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ശാസ്ത്രീയമായി ഒരു തെളിവുമില്ല.

മൃഗങ്ങളുടെ പെരുമാറ്റം ദുരന്തന്തിന്റെ മുന്നറിയിപ്പായി എടുക്കുന്നതിൽ വ്യക്തികൾക്കും സംവിധാനങ്ങൾക്കും പരിമിതികളുണ്ട്. ഉദാഹരണത്തിന് ഭൂകന്പം ഉണ്ടാകുന്നതിന് മുൻപ് പട്ടികൾ അകാരണമായി കുരക്കാറുണ്ട് എന്നതാണ് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത്. അപ്പോൾ പട്ടികൾ അകാരണമായി കുരക്കുന്നതിനെ ഭൂകന്പ മുന്നറിയിപ്പിനുള്ള എളുപ്പവഴിയായി എടുക്കണമെങ്കിൽ നമ്മൾ രണ്ടു കാര്യങ്ങൾ ചെയ്യണം.

1. ഓരോ പ്രാവശ്യവും പട്ടി കുരക്കുന്പോൾ അതിൻറെ കാരണം അന്വേഷിക്കണം .

2. നമുക്ക് വ്യക്തമല്ലാത്ത കാരണത്താൽ പട്ടി കുരച്ചാൽ ഭൂകന്പത്തിന്റെ മുന്നറിയിപ്പായി കണക്കാക്കി മേശക്കടിയിൽ കയറിയിരിക്കണം, അല്ലെങ്കിൽ വീട് വിട്ടു മാറണം.
എത്ര സമയം മുൻപാണ് പട്ടികൾ കുരക്കുന്നത് എന്നതിന് ശാസ്ത്രമില്ല. അപ്പോൾ മേശക്കടിയിൽ അരമണിക്കൂർ ഇരുന്നാൽ മതിയോ, വീട് വിട്ട് ഒരു ദിവസം മാറി താമസിക്കണമോ എന്നും നിർദ്ദേശം നൽകേണ്ടി വരും.

നാട്ടിൽ അനവധി പട്ടികളുണ്ട്. ഓരോ ദിവസവും ഓരോരോ കാരണങ്ങൾ കൊണ്ട് അവ കുരക്കാറുമുണ്ട്. അതിൻറെയെല്ലാം കാരണം തേടിപ്പോയാൽ നമുക്ക് അതിനേ സമയം കാണൂ. കാരണം കാണാത്തപ്പോളെല്ലാം നമ്മൾ കുട്ടികളുമായി കട്ടിലിനടിയിൽ കയറിയിരുന്നാൽ ദിവസത്തിൽ പല പ്രാവശ്യം കട്ടിലിനടിയിൽ കയറേണ്ടി വരും. രണ്ടു ദിവസം ഈ പ്രവൃത്തി ആവർത്തിച്ചാൽ ഇത്തരം ‘മുന്നറിയിപ്പുകളുടെ’ അർത്ഥശൂന്യത നമുക്ക് വേഗം മനസ്സിലാകും.

മൃഗങ്ങൾ സുനാമി മുൻകൂട്ടി തിരിച്ചറിഞ്ഞു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ സുനാമി തിരിച്ചറിയാത്ത മൃഗങ്ങളുടെ കഥ എന്നോട് എൻറെ ശ്രീലങ്കൻ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
ശ്രീലങ്കയിലെ ഒരു റിസോർട്ടിലെ പരിസ്ഥിതി ഉപദേശകനും ടൂർ ഗൈഡും ആയിരുന്നു ആ സുഹൃത്ത്. ഒരു ദിവസം രാവിലെ ആരോ അദ്ദേഹത്തോട് പറഞ്ഞു
“കടൽ പുറകോട്ട് പോയി.”
എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിലും കേട്ടപാടെ കാമറയും എടുത്ത് കടൽത്തീരത്തേക്ക് ഓടി.
“പിന്നെ എനിക്കൊന്നും ഓർമ്മയില്ല, ഓർമ്മ വരുന്പോൾ കുറച്ചു മരച്ചില്ലകളിൽ ഉടക്കി, മുണ്ടെല്ലാം പറിഞ്ഞു പോയി കിടക്കുകയാണ്. കാമറ പിന്നെ ഞാൻ കണ്ടതുമില്ല, നോക്കിയതുമില്ല. നിലവിളിച്ച് ഓടിയത് മാത്രം നല്ല ഓർമ്മയുണ്ട്‌.

ശ്രീലങ്കയിൽ ചില മൃഗങ്ങൾ സുനാമി മുന്നേ കണ്ടു എന്ന വാർത്ത വന്നതിനോട് അദ്ദേഹത്തിൻറെ പ്രതികരണം ഇതായിരുന്നു.
“ഷഡ്‌ഡിയും ഇട്ട് ഞാൻ ഓടുന്ന സമയത്ത് ആളുകളും ആടുമാടുകളുമടക്കം എല്ലാ ജീവികളും എന്റെ മുന്നിലും പുറകേയും ഉണ്ടായിരുന്നു. എനിക്കുണ്ടായതിൽ കൂടുതൽ മുന്നറിയിപ്പൊന്നും അവർക്കും കിട്ടിയില്ല എന്ന് അന്നേ ഞാൻ തീരുമാനിച്ചു.
മൃഗങ്ങൾക്ക് ഭൂകന്പം ഉൾപ്പടെ ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവുണ്ടോ എന്ന ചോദ്യം ശാസ്ത്രം ചുമ്മാതെ തള്ളിക്കളയുകയല്ല ചെയ്തത്. ഇത്തരത്തിലുള്ള ഒരു കഴിവും മൃഗങ്ങൾക്കുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടില്ല. ദുരന്ത സമയത്ത് എവിടെയെങ്കിലും കണ്ട ഉദാഹരണങ്ങൾ വ്യക്തികൾക്കോ സർക്കാരിനോ മുന്നറിയിപ്പ് മാർഗ്ഗമായി എടുക്കാൻ പറ്റില്ലെന്ന് ആദ്യമേ പറഞ്ഞല്ലോ.

പ്രളയത്തിൽ പെടാതിരിക്കാൻ നമ്മുടെ ശാസ്ത്രീയമായ കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുകയേ തൽക്കാലം മാർഗ്ഗമുള്ളൂ. മഴ പെയ്യുന്പോൾ പശുവിനെ കയറൂരി വിട്ട് അത് മലയുടെ മുകളിലേക്കാണോ താഴേക്കാണോ പോകുന്നത് എന്ന് നോക്കി വീടൊഴിയുന്നത് വൃഥാവേലയാണ്. ചക്കയുടെയും മുയലിന്റെയും കഥ ഓർക്കുക.