മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായി ‘മാമാങ്കം’ എന്ന ചരിത്ര സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാര്‍ ആണ്. ഇപ്പോള്‍ സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനിച്ചു റിലീസിന് തയ്യാറെടുക്കുകയാണ്. 2003ല്‍ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പദ്മകുമാര്‍, വാസ്തവം, വര്‍ഗം, പരുന്തു, ശിക്കാര്‍ തുടങ്ങിയ ശ്രദ്ധേയമായ ചില സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ജോസഫ്, വലിയ ബോക്സ് ഓഫീസ് വിജയമായി. നിരൂപക പ്രശംസയും നേടി. മാമാങ്കം എന്ന സിനിമ ആദ്യം എം. പദ്മകുമാറിനു പകരം സജീവ് പിള്ളയാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ അത് പത്മകുമാറില്‍ എത്തിക്കുകയായിരുന്നു. മാമാങ്കം പൂര്‍ണ്ണമായും പത്മകുമാര്‍ അദ്ദേഹത്തിന്റെ സിനിമയായാണ് ഒരുക്കിയതെന്ന് അദ്ദേഹം തന്നെ ഹിന്ദു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. നിര്‍മ്മാതാവ് അതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പറയുന്നുണ്ട്.